വീട്ടുജോലി: കഴിഞ്ഞ വർഷം ഏഴ് ഏജൻസികൾക്കുകൂടി അംഗീകാരം
text_fieldsമനാമ: വീട്ടുജോലിക്കാരെ നൽകുന്നതിന് കഴിഞ്ഞ വർഷം ലൈസൻസ് നൽകിയത് ഏഴ് ഏജൻസികൾക്ക്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടവ് ഓഫിസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയാണ് ഇക്കാര്യം അറിയിച്ചത്. സ്വദേശി, പ്രവാസി കുടുംബങ്ങൾക്ക് വീട്ടുജോലിക്കാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സുതാര്യവും സുഗമവുമാക്കുന്നതിനുള്ള നടപടികൾ എൽ.എം.ആർ.എ സ്വീകരിച്ചുവരുന്നുണ്ട്. താൽക്കാലിക അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരുടെ ആവശ്യം വർധിച്ചത് പരിഗണിച്ച് കൂടുതൽ ഏജൻസികൾക്ക് ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ഇതനുസരിച്ച് മണിക്കൂർ അടിസ്ഥാനത്തിലോ നിശ്ചിത ദിവസത്തേക്കോ നിശ്ചിത മാസത്തേക്കോ കരാർ അടിസ്ഥാനത്തിൽ വീട്ടുജോലിക്കാരെ നൽകാൻ കഴിയും.
വീട്ടുജോലിക്കാരെ ആവശ്യമുള്ളവർ അംഗീകാരമുള്ള ഏജൻസികളുമായി മാത്രം ബന്ധപ്പെടണമെന്ന് സി.ഇ.ഒ ഓർമിപ്പിച്ചു. ഏജൻസികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് എൽ.എം.ആർ.എ സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽ.എം.ആർ.എയിൽനിന്ന് ലേബർ സൈപ്ല ഏജൻസി ലൈസൻസ് എടുക്കാതെ വീട്ടുജോലിക്കാരെ ഉൾപ്പെടെ നൽകിവരുന്ന സ്ഥാപനങ്ങൾ ഉടനടി അത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും കൃത്യമായ ലൈസൻസോടുകൂടി മാത്രം പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസൻസ് ഇല്ലാതെ വീട്ടുജോലിക്കാരെ മണിക്കൂർ അടിസ്ഥാനത്തിൽ നൽകിവന്ന 13 സ്ഥാപനങ്ങൾ എൽ.എം.ആർ.എ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ഈ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അംഗീകാരമുള്ള ലേബർ സൈപ്ല ഏജൻസികളുടെ വിവരങ്ങൾ www.lmra.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.