നിർമിത ബുദ്ധി നിയമലംഘനത്തിന് കനത്ത ശിക്ഷ
text_fieldsമനാമ: നിർമിത ബുദ്ധി നിയമലംഘനത്തിന് കനത്ത ശിക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം ശൂറ കൗൺസിലിന്റെ പരിഗണനക്ക് വിട്ടു. മൂന്നുവർഷത്തിൽ കുറയാത്ത തടവോ 2000 ദീനാർ പിഴയോ ലഭിക്കുന്ന നിയമനിർമാണമാണ് മനുഷ്യാവകാശ സമിതി വൈസ് ചെയർമാൻ അലി അൽ ശിഹാബിയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗങ്ങൾ നിർദേശിച്ചത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്നതോ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്നതോ സാമൂഹിക മൂല്യങ്ങളും പാരമ്പര്യങ്ങളും ലംഘിക്കുന്നതോ ആയ എ.ഐ പ്രോഗ്രാമിങ് ചെയ്യുന്നവർക്ക് 2000 ദീനാർ വരെ പിഴ ലഭിക്കും. അംഗീകാരമില്ലാത്ത ഓട്ടോബോട്ടുകളോ റോബോട്ടുകളോ ഉപയോഗിച്ചാൽ 2000 മുതൽ 5000 ദീനാർ പിഴ ലഭിക്കും. ലൈസൻസ് ഇല്ലാതെ നിർമിത ബുദ്ധി പ്രോഗ്രാമുകൾ വികസിപ്പിച്ചാൽ 1000 ദീനാറിനും 10000 ദീനാറിനും ഇടയിൽ പിഴ ലഭിക്കും.
ഔദ്യോഗിക പ്രസംഗങ്ങൾ, കമന്റുകൾ തുടങ്ങിയവയിൽ കൃത്രിമം കാണിക്കുകയോ ഓഡിയോ, വിഡിയോ, ടെക്സ്റ്റ് എന്നിവ വളച്ചൊടിക്കാനോ വഞ്ചനക്കോ കൃത്രിമത്വത്തിനോ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. ഇത്തരം കേസുകളിൽ നിയമലംഘകർക്ക് മൂന്ന് വർഷം വരെ തടവോ 5,000 മുതൽ 20,000 ദീനാർ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കും. അക്രമം, രാഷ്ട്രീയ അസ്ഥിരത, അട്ടിമറി, തീവ്രവാദ പ്രവർത്തനങ്ങൾ എന്നിവക്ക് പ്രേരിപ്പിക്കുന്നതോ ആഹ്വാനം ചെയ്യുന്ന എ.ഐ ടൂളുകൾ ഉപയോഗിച്ചാൽ മൂന്നുവർഷത്തിൽ കുറയാതെ ജയിൽ ശിക്ഷ ലഭിക്കും. സാമൂഹിക പുരോഗതിക്കും വികാസത്തിനും നിർമിത ബുദ്ധി ഉപയോഗിക്കേണ്ടത് തന്നെയാണെന്ന് മനുഷ്യാവകാശ കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ ശിഹാബി പറഞ്ഞു. കൃഷി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യം, ഗതാഗതം, ലോജിസ്റ്റിക്സ്, പരിശീലനം, ഊർജം, പൊതുസേവനം, സുരക്ഷ, നീതി, കാലാവസ്ഥ വ്യതിയാനം, റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ എ.ഐ സേവനങ്ങൾ ലഭ്യമാക്കാൻ രാജ്യം താൽപര്യപ്പെടുന്നു. അതേസമയം, തെറ്റായ പ്രവണതകൾക്കും കുറ്റകൃത്യങ്ങൾക്കും ഏറെ സാധ്യതയുള്ള മേഖലയിൽ നിയമം കർശനമാക്കേണ്ടത് സമൂഹത്തിന്റെ താൽപര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോമെട്രിക്സ്, വിരലടയാളങ്ങൾ, ഔദ്യോഗിക രേഖകൾ, ഓഡിയോ, വിഡിയോ എന്നിവയിൽ കൃത്രിമം കാണിക്കുന്നത് തടഞ്ഞില്ലെങ്കിൽ നിർമിത ബുദ്ധി അതിവേഗത്തിൽ സമൂഹത്തെ വിഴുങ്ങും. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് നിർദിഷ്ട നിയമം രൂപവത്കരിക്കുന്നതെന്നും അൽ ശിഹാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.