ലൈംഗികാതിക്രമം; ഇരകളാകുന്ന കുട്ടികളുടെ അന്തസ്സ് സംരക്ഷിക്കും
text_fieldsമനാമ: ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന കുട്ടികളുടെ കേസുകളിൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനം. ഇരകളുടെ അന്തസ്സ് സംരക്ഷിക്കുന്ന രീതിയിൽ ഒരിക്കൽ മാത്രം മൊഴി എടുത്താൽ മതിയെന്നാണ് പുതിയ ചട്ടം പറയുന്നത്.
ആവർത്തിച്ചുള്ള ചോദ്യംചെയ്യലുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് നടപടിക്രമങ്ങൾ മാറ്റിയത്. പുതിയ നടപടിക്രമം നടപ്പാക്കുന്ന മേഖലയിലെ ആദ്യ രാജ്യമാണ് ബഹ്റൈൻ. ആരോഗ്യ, വിദ്യാഭ്യാസ, ആഭ്യന്തര, സാമൂഹിക മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ നീതിന്യായ, ഇസ്ലാമികകാര്യ, എൻഡോവ്മെന്റ് മന്ത്രാലയം ഇതിന്റെ തുടർനടപടികളെടുക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ അറ്റോണി ജനറൽ ഡോ. അലി അൽ ബുവൈനൈൻ പങ്കെടുത്തു. ബ്രിട്ടീഷ് അംബാസഡർ അലസ്റ്റർ ലോങ്ങിനും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
പുതിയ മാർഗനിർദേശങ്ങൾ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ വലിയ കാൽവെപ്പാണെന്ന് അറ്റോണി ജനറൽ ഡോ. അലി അൽ ബുവൈനൈൻ പറഞ്ഞു. ലൈംഗികാതിക്രമ കേസുകളിലെ ക്രിമിനൽ നടപടിക്രമങ്ങളെ ഏകീകരിക്കാൻ ഇത് സഹായകരമാണ്. കുട്ടികളുടെ അന്തസ്സും സമഗ്രതയും സംരക്ഷിക്കാനാണ് മാർഗനിർദേശങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നടപടിക്രമങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെ ബ്രിട്ടീഷ് അംബാസഡർ പ്രശംസിച്ചു. ഈ രംഗത്ത് യു.കെയുടെ അനുഭവങ്ങൾ ബഹ്റൈന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങൾ അനുസരിച്ച്, പൊലീസ്, ശിശു സംരക്ഷണകേന്ദ്രം, ആശുപത്രികൾ, സ്കൂളുകൾ എന്നിവക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ ഉടനടി റഫർ ചെയ്യും. കോടതിയിൽ പ്രത്യേക അന്വേഷണ മുറിയിൽ ഒരു സാമൂഹിക പ്രവർത്തകന്റെ സാന്നിധ്യത്തിൽ കുട്ടികൾ ഒരു പ്രാവശ്യം മാത്രമേ മൊഴി നൽകേണ്ടതുള്ളൂ. വിചാരണ സമയത്ത് ജഡ്ജിമാർക്ക് കൂടുതൽ വിവരങ്ങൾ വേണ്ടതുണ്ടെങ്കിൽ പ്രത്യേകം തയാറാക്കിയ മുറിയിൽ വിഡിയോ കോൺഫറൻസ് വഴി സാക്ഷിമൊഴി നൽകിയാൽ മതിയാകും. കുട്ടികളെ ചോദ്യംചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചുള്ള പരിശീലനപരിപാടികൾ പ്രോസിക്യൂഷൻ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.