ഷെൽ ആക്രമണം, അഭയം ബങ്കറിൽ; സഹായം അഭ്യർത്ഥിച്ച് സുമിയിലെ മലയാളി വിദ്യാർഥികൾ
text_fieldsമനാമ: യുദ്ധം ആശങ്ക പരത്തിയ യുക്രെയ്നിലെ സുമിയിൽനിന്ന് സഹായം അഭ്യർഥിക്കുകയാണ് മലയാളികൾ ഉൾപ്പെടെ ഒരുസംഘം വിദ്യാർഥികൾ. യുക്രെയ്നിന്റെ വടക്കു കിഴക്കൻ മേഖലയിൽ റഷ്യൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ അകലെയുള്ള സുമിയിലെ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ എം.ബി.ബി.എസ് വിദ്യാർഥികളാണ് ഇവർ. മലയാളികളും ഗുജറാത്തികളും ഉൾപ്പെടെ 400ഓളം പേരാണ് ഇവിടത്തെ ഹോസ്റ്റലിൽ കുടുങ്ങിക്കിടക്കുന്നത്.
സഹായം തേടിയപ്പോൾ തൽക്കാലം സുരക്ഷിത സ്ഥാനത്ത് തന്നെ കഴിയാനാണ് ഇന്ത്യൻ എംബസി നൽകിയിരിക്കുന്ന നിർദേശമെന്ന് ബഹ്റൈനിൽ പ്രവാസിയായ കൊല്ലം കൊട്ടാരക്കര സ്വദേശി വി. ശശികുമാറിന്റെ മകൻ എസ്. കൃഷ്ണനുണ്ണി ഗൾഫ് മാധ്യമത്തോട് പറഞ്ഞു. എംബസിയിൽനിന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ അതിർത്തിയിലേക്ക് നീങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച രാത്രിയാണ് പ്രദേശത്ത് ആദ്യമായി ഷെൽ ആക്രമണത്തിന്റെ ശബ്ദം കേട്ടതെന്ന് അഞ്ചാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായ കൃഷ്ണനുണ്ണി പറഞ്ഞു. ഉടൻതന്നെ എല്ലാവരും ഏഴ് നിലകളുള്ള ഹോസ്റ്റലിന്റെ അടിയിലെ ബങ്കറിൽ അഭയം തേടി. മിന്നൽ പോലെ ഒരു പ്രകാശമാണ് ആദ്യം കണ്ടതെന്ന് കൃഷ്ണനുണ്ണി പറഞ്ഞു. രണ്ട് മണിക്കൂറോളം ബങ്കറിൽ കഴിഞ്ഞ ശേഷമാണ് ഒന്നാം നിലയിലേക്ക് മാറിയത്.
താമസിക്കുന്ന ഹോസ്റ്റലിന്റെ 600 മീറ്റർ അകലെയുള്ള സ്റ്റോറിൽനിന്നാണ് ഭഷണ സാധനങ്ങൾ വാങ്ങിയിരുന്നത്. ഇവിടെ ഇപ്പോൾ സ്റ്റോക്ക് ഏറെക്കുറെ തീരാറായി. അൽപം കൂടി അകലെയുള്ള സ്റ്റോറുകളെ വേണം ഇനി ആശ്രയിക്കാൻ.
പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെത്തി രക്ഷപ്പെടുക അത്ര എളുപ്പമല്ല ഇവർക്ക്. സുമിയിൽനിന്ന് 1000ഓളം കിലോമീറ്റർ സഞ്ചരിച്ച് വേണം ഈ രാജ്യങ്ങളിൽ എത്താൻ. യുദ്ധം തുടങ്ങുന്നതിന് മുമ്പ് തൽക്കാലത്തേക്ക് നാട്ടിൽ പോകുന്നത് പരിഗണിക്കണമെന്നാണ് എംബസിയിനിന്ന് നിർദേശം നൽകിയിരുന്നത്.
നിർബന്ധമായും നാട്ടിലേക്ക് മടങ്ങണമെന്ന അറിയിപ്പ് നൽകിയിരുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു. റഷ്യൻ ആക്രമണം തുടങ്ങിയ ദിവസം മൂന്ന് വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ സുമിയിൽനിന്ന് ബസിൽ കിയവിലേക്ക് പുറപ്പെട്ടിരുന്നു. എന്നാൽ, കിയവിൽ എത്തുന്നതിന് മുമ്പ് ഇവരെ വഴിയിൽ ഇറക്കി വിടുകയായിരുന്നു. തുടർന്ന് ഇവർ ഇന്ത്യൻ എംബസിയിൽ വിളിച്ച് സഹായം അഭ്യർഥിച്ചു. എംബസി അധികൃതർ എത്തി സമീപത്തെ ഒരു സ്കൂളിൽ താൽക്കാലിക അഭയം ഒരുക്കി. പിറ്റേദിവസം ഇവർക്ക് അത്യാവശ്യം ഭക്ഷണവും എത്തിച്ച് നൽകി.
യുക്രെയ്നിലെ അതിർത്തി മേഖലയിൽ എല്ലാ ഹോസ്റ്റലുകളുടെയും ഫ്ലാറ്റുകൾക്കും അടിയിൽ ബങ്കർ ഉണ്ടായിരിക്കും. അത് അവിടുത്തെ ആർക്കിടെക്ചറിന്റെ ഭാഗം തന്നെയാണ്. ഇതുവരെ ഉപയോഗ ശൂന്യമായ കട്ടിലുകളും മറ്റും കൂട്ടിയിട്ടിരുന്നത് ബങ്കറുകളിലായിരുന്നു. യുദ്ധം ആരംഭിച്ചപ്പോൾ അതെല്ലാം മാറ്റി ഹോസ്റ്റലിന്റെ ബങ്കർ വൃത്തിയാക്കി എടുക്കുകയായിരുന്നു. എങ്കിലും, അകത്തെ പൊടി പലർക്കും പ്രശ്നമാണ്. തലസ്ഥാനമായ കിയവിലേക്ക് സുമിയിൽനിന്ന് അഞ്ച് മണിക്കൂറോളം യാത്രയുണ്ട്. കൊടും തണുപ്പ് കാലം മെല്ലെ മാറിവരുന്നത് അൽപം ആശ്വാസമാണെന്ന് കൃഷ്ണനുണ്ണി പറഞ്ഞു. ഞായറാഴ്ച മൂന്ന് ഡിഗ്രിയാണ് സുമിയിലെ താപനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.