ആത്മസംഘർഷങ്ങളുടെ പ്രവാസഭൂമിക ‘ഷെൽട്ടർ’ തിയറ്ററുകളിലേക്ക്
text_fieldsമനാമ: പൂർണമായും ബഹ്റൈനിൽ ചിത്രീകരിച്ച, ആദ്യ ആന്തോളജി സിനിമ ‘ഷെൽട്ടർ’ പ്രദർശനത്തിനൊരുങ്ങുന്നു. ബി.എം.സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടത്തൊടി ഫിലിംസ് അവതരിപ്പിക്കുന്ന ജി.സി.സിയിലെതന്നെ ആദ്യത്തെ ആന്തോളജി സിനിമയാണ് ‘ഷെൽട്ടർ’. നാലു ചെറുസിനിമകൾ ചേർന്ന ഷെൽട്ടറിൽ പ്രശസ്തരായ ബഹ്റൈനി നടന്മാരോടൊപ്പം ബഹ്റൈനിലുള്ള ഇന്ത്യക്കാരും വേഷമിടുന്നു. ബഹ്റൈൻ- ഇന്ത്യ സാംസ്കാരിക സമന്വയത്തിലൂന്നിയ ഇത്തരത്തിലുള്ള ആദ്യ സിനിമ എന്ന പ്രത്യേകതയും ഷെൽട്ടറിന് അവകാശപ്പെട്ടതാണ്.
മൂന്നു സിനിമകളുടെയും തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രശസ്ത നടിയും എഴുത്തുകാരിയുമായ ജയാ മേനോനാണ് എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, സ്റ്റേയ്ൽ മേറ്റ് (stalemate) എന്ന സിനിമയും സംവിധാനം ചെയ്തിരിക്കുന്നതും ജയാ മേനോനാണ്. ജയാ മേനോൻ കഥയും തിരക്കഥയും ഒരുക്കിയ ഫേസസ് ഇൻ ഫേസസ് (Faces in Phases) എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജയാ മേനോന്റെ ഭർത്താവും അറിയപ്പെടുന്ന നടനും സംവിധായകനുമായ പ്രകാശ് വടകരയാണ്. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാര പട്ടം കിട്ടിയിട്ടുള്ള ദമ്പതിമാർ എന്ന പ്രത്യേകതയും ഇവർക്കുണ്ട്.
ഭൂതങ്ങൾ വർത്തമാനങ്ങളെ വിഴുങ്ങാൻ തുടങ്ങുമ്പോൾ, ഓടിയൊളിക്കാൻ സ്ഥലമില്ലാതെ സ്തംഭിച്ചു നിൽക്കേണ്ടിവന്ന ചില മനുഷ്യരുടെ കഥപറയുന്ന സ്റ്റേയ്ൽ മേറ്റ് നവീനമായ ജീവിതപരിസരമാണ് ചർച്ചചെയ്യുന്നത്. ചില മനുഷ്യർ സമയോചിതമായി സ്വീകരിക്കുന്ന വേഷങ്ങളും നിലനിൽപിനായി അവർ അണിയുന്ന മുഖംമൂടികളും ഫേസസ് ഇൻ ഫേസസ് അനാവരണം ചെയ്യുന്നു. ജയമേനോൻ രചന നിർവഹിച്ചിട്ടുള്ള ദി ലോസ്റ്റ് ലാമ്പ് (The lost lamb) സൗരവ് രാകേഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. പങ്കിട്ട ബന്ധങ്ങളുടെയും പങ്കുവെച്ച അനുഭവങ്ങളുടെയും മൂല്യം നഷ്ടപ്പെടുത്തി ചില നേരങ്ങളിൽ ചിലർ സ്വാർഥരാകുമ്പോൾ കൊടുക്കേണ്ടിവരുന്ന വലിയ വിലയുടെ കഥയാണ് ദി ലോസ്റ്റ് ലാമ്പിന്റെ പ്രമേയം.
ലോക്ക്ഡ് (Locked) ബഹ്റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരനായ അനീഷ് നിർമലനാണ് രചിച്ചത്. ഷോർട്ട്ഫിലിമുകളിലൂടെ ശ്രദ്ധനേടിയ പ്രശോഭ് മേനോനാണ് സംവിധാനം. എന്നിലെ എന്നെ തിരിച്ചറിയാൻ ഞാൻ എന്ന ഭാവം ഇല്ലാതാകേണ്ടതുണ്ട്.
മനസ്സിന്റെ പൂട്ടുകൾ തകർത്തു നമ്മളെ നാം തിരിച്ചറിയുന്നതാണ് ‘ലോക്ക്ഡ്’ ന്റെ പ്രമേയം. ആധുനിക ജീവിത പരിസരങ്ങളെയും ചിന്തകളെയും മുന്നോട്ടുവെക്കുകയും മാനസിക സംഘർഷങ്ങളെ പ്രശ്നവത്കരിക്കുകയും ചെയ്യുന്ന കഥാതന്തുവാണ് ഷെൽട്ടറിനെ ആകർഷകമാക്കുന്നത്. ഷെൽട്ടർ സിനിമയുടെ മുന്നിലും പിന്നണിയിലുമായി 300ൽ പരം കലാകാരന്മാർ അണിനിരക്കുന്നു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾകൂടി പൂർത്തിയാകുന്നതോടെ സിനിമ ബഹ്റൈനിലെ എപിക്സ് തിയറ്ററിലുൾപ്പെടെ ഉടൻ റിലീസ് ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.