ഷിഫ-വിമണ്‍ എക്രോസ് 'ഹെര്‍ ഹെല്‍ത്ത്' ആരോഗ്യ പാക്കേജിന് തുടക്കം
text_fieldsമനാമ: അശരണരായ വനിതകള്‍ക്കായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററുമായി ചേര്‍ന്ന് വിമൻ എക്രോസ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന 'ഹെര്‍ ഹെല്‍ത്ത്' പദ്ധതിക്ക് വര്‍ണശബളമായ തുടക്കം. പൂര്‍ണമായും കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ഷിഫയില്‍ നടന്ന ചടങ്ങില്‍ മനാമ എം.പി ഡോ. സവ്സന്‍ കമാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
കോവിഡ് മഹാമാരിക്കാലത്ത് അശണരായ സ്ത്രീകള്‍ക്കുവേണ്ടി നടത്തുന്ന ഇത്തരം പദ്ധതികള്‍ സ്വാഗതാര്ഹമാണന്നെ് എം.പി പറഞ്ഞു. ആരോഗ്യം മാത്രമല്ല, മാനസികവും സാമ്പത്തികവുമായ വ്യക്തിയുടെ അവസ്ഥയെയും കോവിഡ് ആക്രമിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇത്തരം പദ്ധതികളുമായി സഹകരിക്കാന്‍ സന്നദ്ധമാകുന്ന ഷിഫ മാനേജ്മെൻറിനെയും അവര്‍ പ്രശംസിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു.
ചടങ്ങില്‍ ഷിഫ സീനിയര്‍ ഗൈനക്കോളജിസ്റ്റ് സുനിത കുമ്പള അധ്യക്ഷത വഹിച്ചു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ആക്സിഡൻറ് ആൻഡ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. പി.വി. ചെറിയാന് വിശിഷ്ടാതിഥിയായി. ഹെര്‍ ഹെല്‍ത്ത് പാക്കേജ് കാര്‍ഡ് ഡോ. ചെറിയാന് നല്കിയ എം.പി ഡോ. സവ്സന്‍ കമാല്‍ പ്രകാശം ചെയ്തു. വിമൻ എക്രോസിനെ കുറിച്ച് അനുപമ ബിനുവും ഹെര്‍ ഹെല്‍ത്ത് പദ്ധതിയെക്കുറിച്ച് സുമിത്ര പ്രവീണും സംസാരിച്ചു. എല്ലാ മാസവും അശരണരായ നിശ്ചിത എണ്ണം വനിതകള്‍ക്ക് ഷിഫയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ചടങ്ങില്‍ ഷിഫ ഡയറക്ടര്‍ ഷെബീര്‍ അലി സംബന്ധിച്ചു. ഷിഫ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. ഷംനാദ്, ബഹ്റൈന്‍ ഫാര്‍മസി സി.എഫ്.ഒ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ ആശംസ അറിയിച്ചു. മിറ കൃഷ്ണ അവതാരികയായിരുന്നു. ഡോ. ബിന്‍സി ആൻറണി സ്വാഗതവും ഷാസിയ സര്‍ഫറാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.