രോഗികളുടെ അവകാശങ്ങൾക്കായി നിയമനിർമാണം: നിർദേശത്തിന് ശൂറ കൗൺസിൽ അംഗീകാരം
text_fieldsഡോ. ജമീല അൽ സൽമാന്‍
മനാമ: രാജ്യത്തെ മെഡിക്കൽ മേഖലയിൽ രോഗികളുടെ അവകാശങ്ങൾ വർധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള മെഡിക്കൽ ഉത്തരവാദിത്ത നിയമം ശൂറ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. ഡോ. ജമീല അൽ സൽമാന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് 34 ആർട്ടിക്കിളുകളുള്ള കരട് നിയമനിർമാണം നിർദേശിച്ചത്.
തുടർ അനുമതികൾക്കും ചർച്ചകൾക്കുമായി ആറു മാസത്തിനകം ബിൽ ദേശീയ അസംബ്ലിക്ക് തിരികെ കൈമാറും. മെഡിക്കൽ പ്രാക്ടീഷണർമാക്കും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്കും രോഗികൾക്ക് മേലുള്ള മെഡിക്കൽ ഉത്തരവാദിത്തം, രോഗിയുടെ അവകാശങ്ങൾ തുടങ്ങിയവ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള വ്യക്തമായ നിയമനിർമാണമാണ് നിർദേശം ലക്ഷ്യമിടുന്നത്.
പദ്ധതി നിയമത്തിൽ വന്നാൽ ചികിത്സക്കിടെയുണ്ടാകുന്ന അശ്രദ്ധകൾക്ക് കർശന നടപടിയുണ്ടാകും. അംഗീകൃതമല്ലാത്ത മരുന്നുകളോ നടപടിക്രമങ്ങളോ ഉപയോഗിക്കുക, അനാവശ്യ ശസ്ത്രക്രിയകൾ നടത്തുക എന്നിവക്ക് 1,000 ബഹ്റൈൻ ദിനാർവരെ പിഴയോ ഒരുവർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
ഡോക്ടർമാർക്ക് മെഡിക്കൽ ഇൻഷുറൻസ് എന്നിവയും നിയമം അനുശാസിക്കുന്നുണ്ട്. ഡോക്ടർമാരെ ശിക്ഷിക്കുന്നതിനല്ല മറിച്ച് ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ. അൽ സൽമാൻ പറഞ്ഞു. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്), ആരോഗ്യ മന്ത്രാലയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ), ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി എന്നിവർ നിർദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.