സിത്ര ഈസ്റ്റ് ടൗൺഷിപ് പദ്ധതി ഉദ്ഘാടനം കിരീടാവകാശി നിർവഹിച്ചു
text_fieldsമനാമ: സിത്ര ഈസ്റ്റ് ടൗൺഷിപ് പാർപ്പിട പദ്ധതിയുടെ ഉദ്ഘാടനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർവഹിച്ചു. ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇത്തരമൊരു പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിൽ ഏറെ സന്തോഷമുള്ളതായി അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് ജനങ്ങളുടെ പാർപ്പിട പ്രശ്നത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മാന്യമായ പാർപ്പിടം ഓരോ പൗരന്റെയും അവകാശമാണെന്നും അത് സാധ്യമാക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ടൗൺഷിപ്പുകളും പ്രദേശങ്ങളും വർധിച്ചുവരുന്ന പാർപ്പിടാവശ്യത്തെ നേരിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർപ്പിട കാര്യ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
ലക്ഷ്യം നേടുന്നതുവരെ ഇടതടവില്ലാതെ പ്രവർത്തന നൈരന്തര്യം കാത്തുസൂക്ഷിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഹമദ് രാജാവിന്റെ നിർദേശമനുസരിച്ച് അർഹരായവർക്ക് 6800 പാർപ്പിട യൂനിറ്റുകൾ നൽകാനുള്ള കിരീടാവകാശിയുടെ ഉത്തരവ് നടപ്പാക്കുന്നതിൽ സന്തുഷ്ടയാണെന്ന് പാർപ്പിടകാര്യ മന്ത്രി ആമിന ബിൻത് അഹ്മദ് അൽറുമൈഹി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.