സിത്രയിലെ വാതകച്ചോർച്ച: പരിഹാര നടപടികൾ പുരോഗമിക്കുന്നതായി ബാപ്കോ
text_fieldsമനാമ: സിത്ര മേഖലയിൽ നാഫ്ത ടാങ്കിലെ വാതകച്ചോർച്ചയെത്തുടർന്ന് മൂന്ന് ബാങ്കുകളുടെ സിത്രയിലെ ശാഖകൾ താൽക്കാലികമായി അടച്ചു.
നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ (എൻ.ബി.ബി), ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് (ബി.ബി.കെ), അഹ്ലി യുനൈറ്റഡ് ബാങ്ക് ബഹ്റൈൻ എന്നിവയാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്.
അതേസമയം, പരിഹാര നടപടികൾ പുരോഗമിക്കുകയാണെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും ബാപ്കോ സി.ഇ.ഒ ഡോ. അബ്ദുൽ റഹ്മാൻ ജവാഹരി അറിയിച്ചു.
ടാങ്കിലെ നാഫ്തയുടെ അളവ് കുറച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓയിൽ ടാങ്ക് ചോർച്ചയിലേക്ക് നയിച്ച തകരാർ പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും രാജ്യത്തെ വായുവിന്റെ ഗുണനിലവാരം മെച്ചമാണെന്നും സർക്കാർ ഉറപ്പുനൽകി. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദിവസങ്ങളായി ഓൺലൈനായായാണ് പ്രവർത്തിക്കുന്നത്. തീപിടിക്കുന്ന ദ്രാവക ഹൈഡ്രോകാർബൺ മിശ്രിതമാണ് നാഫ്ത. ഇതിന്റെ സമ്പർക്കം മൂലം തലവേദന, തലകറക്കം എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്.
ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് എം.പിമാർ
മനാമ: സിത്ര മേഖലയിൽ നാഫ്ത ടാങ്കിലെ വാതകച്ചോർച്ചയെത്തുടർന്ന് അന്തരീക്ഷത്തിൽ രൂക്ഷഗന്ധം തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിലെ പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികളെ പ്രശ്നം പരിഹരിക്കുന്നതുവരെ വിദൂരത്തിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് എം.പിമാർ. അഞ്ചു എം.പിമാരാണ് ഈ ആവശ്യം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് മുന്നിൽ വെച്ചത്. സിത്രയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകൾ ഇപ്പോൾ ദുർഗന്ധം മൂലം വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുകയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.