പൊതുസ്ഥലത്തെ പുകവലി കനത്ത പിഴ വരും
text_fieldsമനാമ: പൊതുസ്ഥലത്തെ പുകവലിക്കെതിരെയും പുകയില ബദൽ ഉൽപന്നങ്ങളുടെ ഉപയോഗത്തിനെതിരെയും കർശന നടപടിക്കൊരുങ്ങുകയാണ് ബഹ്റൈൻ. നിലവിലെ നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പുകവലിക്കാർ രക്ഷപ്പെടുന്നത് ഒഴിവാക്കാൻകൂടി ഉദ്ദേശിച്ചാണ് കർശന നിയമനിർമാണത്തിന് രാജ്യം ഒരുങ്ങുന്നത്.
പുകയിലക്ക് ബദലായി ഹെർബൽ ഉൽപന്നങ്ങളും നിക്കോട്ടിൻ ഇല്ലാത്ത വസ്തുക്കളും ഉപയോഗിക്കുന്നവർക്കെതിരെയും ഇറക്കുമതി ചെയ്യുന്നവർക്കെതിരെയും വിതരണം നടത്തുന്നവർക്കെതിരെയും നടപടി വരും. ഇത്തരക്കാർക്ക് ഒരു വർഷം വരെ തടവോ 1000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കുന്ന തരത്തിലായിരിക്കും പുതിയ നിയമം വരുക.
ബാർബർ ഷോപ്പുകളും പാർക്കുകളും ഉൾപ്പെടെ പൊതു ഇടങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പുകവലിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും. പരമ്പരാഗത പുകയില ഉൽപന്നങ്ങൾ മാത്രമല്ല, പകരം ഉപയോഗിക്കുന്ന ഹെർബൽ അല്ലെങ്കിൽ നോൺ-നിക്കോട്ടിൻ വസ്തുക്കളും ഇറക്കുമതി ചെയ്യുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ 100 മുതൽ 1000 ദീനാർ വരെ പിഴയോ ശിക്ഷ ലഭിക്കും.
ഇതിനുപുറമെ അടച്ചിട്ട പൊതു സ്ഥലങ്ങളിലെ പുകവലി നിരോധനം ലംഘിച്ചാൽ 20 മുതൽ 50 വരെ ദീനാർ പിഴ ചുമത്തും. ഗതാഗത കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, സ്കൂളുകൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളും പൊതുസ്ഥലങ്ങളായി നിർവചിച്ചിട്ടുണ്ട്. പുതിയ നിയമഭേദഗതികൾ പാർലമെന്റിന്റെ പരിശോധനക്കായി സമർപ്പിച്ചിട്ടുണ്ട്.
18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപന്നങ്ങൾ നൽകിയാൽ നിലവിൽ 100 ദീനാറാണ് പിഴ. പൊതുസ്ഥലങ്ങളിൽ പുകവലി അനുവദിക്കുന്ന കഫേകൾക്കും സ്പോർട്സ് ക്ലബുകൾക്കും ഇതേ പിഴ ബാധകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.