സാമൂഹിക മാറ്റം അടിസ്ഥാന ജനവിഭാഗത്തിൽനിന്നാണ് സംഭവിക്കുക -എം. മുകുന്ദൻ
text_fieldsമനാമ: ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെയായിരിക്കുമെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
രാജ്യം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിലൊക്കെ ഈ വിഭാഗം മുന്നോട്ടുവന്നിട്ടുണ്ട്. ഏതൊരു ഭരണകൂടത്തിനും എല്ലാകാലവും ഇവരെ നിഷ്കാസനം ചെയ്യാനോ അടിച്ചമർത്തിവെക്കാനോ കഴിയില്ല. ഗുണപരമായ സംവാദങ്ങളാണ് എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള മാധ്യമം. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് സംവാദങ്ങൾ. ഫാഷിസം ഭയക്കുന്നതും ഈ സംവാദത്തെയും അതിലൂടെ ഉടലെടുക്കുന്ന ബഹുസ്വരതയെയുമാണ്. എഴുത്തുകാർ അവർ ജീവിക്കുന്ന കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. സമൂഹത്തിന്റെ പരിച്ഛേദങ്ങൾ സ്വാഭാവികമായും അവരുടെ എഴുത്തുകളിൽ പ്രതിഫലിക്കുെമന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറത്തിനും സ്വീകരണം നൽകി.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. എം. മുകുന്ദനെ സഈദ് റമദാൻ നദ്വിയും ജോസ് പനച്ചിപ്പുറത്തിനെ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങലും പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് മുഹ്യിദ്ദീൻ, സി. ഖാലിദ്, സാജിദ സലീം, ജലീൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മുഹമ്മദ് അലി മലപ്പുറം, റഷീദ സുബൈർ, വി.പി. നൗഷാദ്, അബ്ദുൽ ഖാദർ, ഫൈസൽ പട്ടാണ്ടിയിൽ, യു.കെ. നാസർ, ജലീൽ മല്ലപ്പള്ളി, അബ്ദുല്ല, സജീർ ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.