സോഷ്യൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ
text_fields? സോഷ്യൽ ഇൻഷുറൻസിൽനിന്ന് ഒരു വിദേശ തൊഴിലാളിക്ക് ലഭിക്കുന്ന സംരക്ഷണങ്ങൾ എന്തെല്ലാമാണ്. അത് ലഭിക്കാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെ?
ഒരു വായനക്കാരൻ
• സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്. തൊഴിൽ സമയത്തെ അപകടത്തെത്തുടർന്ന് സംഭവിക്കുന്ന പരിക്ക് മൂലം ജോലിക്ക് പോകാൻ കഴിയാതെ വരുകയാണെങ്കിൽ അല്ലെങ്കിൽ മരണമോ അംഗവൈകല്യമോ സംഭവിക്കുകയാണെങ്കിൽ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും.
1. തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സ സമയത്തെ മുഴുവൻ ശമ്പളവും തൊഴിലുടമ മുഖേന ലഭിക്കും.
2. ചികിത്സ അല്ലെങ്കിൽ അതിനുള്ള മുഴുവൻ ചെലവ്.
3. അംഗവൈകല്യം സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം. അംഗവൈകല്യത്തിന്റെ തോത് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷനാണ്. കമീഷന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ നഷ്ടപരിഹാരം കിട്ടുകയുള്ളൂ. നഷ്ടപരിഹാരം കണക്കാക്കുന്നത് ഇൻഷുറൻസിൽ കൊടുക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്.
വിദേശ തൊഴിലാളികൾക്ക് പെൻഷന് അർഹതയില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ഒരു നിശ്ചിത ശതമാനമാണ് നൽകുന്നത്. ഇതിന്റെ തോത് നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
4. മരണം സംഭവിച്ചാൽ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുക നഷ്ടപരിഹാരം ലഭിക്കും.
5. ആറ് മാസത്തെ ശമ്പളം ഡെത്ത് ഗ്രാന്‍റ് ലഭിക്കും.
6. മൃതദേഹം സംസ്കരിക്കാനുള്ള ചെലവ്. ഈ ആനുകൂല്യം ലഭിക്കാൻ കുറഞ്ഞത് ഒരു തൊഴിലുടമയുടെ കൂടെ ആറു മാസം ജോലി ചെയ്തിരിക്കണം.
ഈ ആനുകൂല്യങ്ങൾ ലഭിക്കാൻ അപകടം നടന്ന് 24 മണിക്കൂറിനുള്ളിൽ സോഷ്യൽ ഇൻഷുറൻസിന്റെ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകിയിരിക്കണം. ഈ നടപടികൾ ചെയ്യുന്നത് തൊഴിലുടമയാണ്.
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.