തെരുവുനായ് ശല്യം ഒഴിവാക്കുന്നതിന് സാമൂഹിക പങ്കാളിത്തം
text_fieldsമനാമ: തെരുവുനായ് ശല്യം ഒഴിവാക്കാനുള്ള പ്രത്യേക കമ്പനിയായ ബ്ലാക്ക് ഗോൾഡുമായി എകർ ചാരിറ്റി അസോസിയേഷനും മൃഗ സമ്പദ് അതോറിറ്റിയും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് സാമൂഹിക പങ്കാളിത്തത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കുന്നത്. റോഡുകളിലൂടെ നടന്നുപോകുന്നവർക്കും വാഹനങ്ങളിൽ പോകുന്നവർക്കും സംഘടിതമായി തെരുവുനായ്ക്കൾ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതിന് ശ്രമിക്കുന്നതായി മൃഗ സമ്പദ് വകുപ്പ് അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള തെരുവുനായ്ക്കളുടെ സാന്നിധ്യം കുറക്കുന്നതിനാണ് ശ്രമിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ സന്നദ്ധ പ്രവർത്തകരും പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ച് തെരുവുനായ് ശല്യം ഒഴിവാക്കാനുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. എകർ ചാരിറ്റി സൊസൈറ്റിയുടെ സഹകരണം പ്രദേശത്ത് വലിയ തോതിലുണ്ടായിരുന്ന തെരുവുനായ് ശല്യം കുറക്കാനായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സമാനമായ രൂപത്തിൽ മറ്റ് പ്രദേശങ്ങളിലും സഹകരണം കിട്ടുകയാണെങ്കിൽ പദ്ധതി വേഗത്തിൽ വിജയത്തിലെത്തിക്കാൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തെരുവുനായ് ശല്യവുമായി ബന്ധപ്പെട്ട പരാതികൾ 80008001, 38099994 എന്നീ നമ്പറുകളിലൂടെ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.