സാമൂഹികസുരക്ഷ പദ്ധതി 17000 കുടുംബങ്ങൾക്ക് പ്രയോജനം
text_fieldsമനാമ: സാമൂഹികസുരക്ഷ പദ്ധതി പ്രകാരം 17,000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതായി സാമൂഹികക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കി. പാർലമെൻറിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2023 ജനുവരിയിലെ കണക്കുദ്ധരിച്ചാണ് മന്ത്രി മറുപടി നൽകിയത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവശ്യമായ വരുമാനമില്ലാത്ത കുടുംബങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. 11 വിഭാഗങ്ങളിലുള്ള കുടുംബങ്ങൾക്കാണ് സഹായം നൽകിക്കൊണ്ടിരിക്കുന്നത്. മാസംതോറും 77 ദീനാർ ഒരംഗത്തിനും 132 ദീനാർ രണ്ട് അംഗങ്ങൾക്കും തുടർന്നുള്ള ഓരോ അംഗത്തിനും 28 ദീനാർ വീതവുമാണ് സഹായമായി സർക്കാർ നൽകുന്നത്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് വിലവർധനവ് സഹായവും നൽകുന്നുണ്ട്.
കൂടാതെ വൈദ്യുതി, ജല ബില്ലിൽ 10 മുതൽ 20 ദീനാർ വരെ ഇളവും അർഹരായ കുടുംബങ്ങൾക്ക് നൽകിവരുന്നു. മാംസത്തിനുള്ള സബ്സിഡി ഇനത്തിലും അർഹരായ കുടുംബങ്ങൾക്ക് സഹായം ലഭ്യമാകുന്നുണ്ട്. കൂടാതെ പരസഹായമാവശ്യമുള്ള വ്യക്തികൾക്ക് മാസംതോറും 100 ദീനാർ വീതം സാമൂഹികസുരക്ഷ സഹായം നൽകുന്നതായും മന്ത്രി കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.