വംശീയതക്കെതിരെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിരോധം തീർക്കുക -പി. മുജീബ് റഹ്മാൻ
text_fieldsമനാമ: വർത്തമാനകാലത്ത് വർധിച്ചുകൊണ്ടിരിക്കുന്ന വംശീയതക്കെതിരെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിരോധം തീർക്കേണ്ടത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്മാൻ പറഞ്ഞു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച സാമൂഹിക പ്രവർത്തകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വംശീയ മാഹാത്മ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തത്തെ വിശുദ്ധനാക്കുകയും അപരനെ അശുദ്ധനാക്കുകയും ചെയ്യുന്ന പ്രവണതയാണ് വംശീയത. ആഗോളതലത്തിൽ തന്നെ വളർന്നു വികസിച്ചു കഴിഞ്ഞ അത്യന്തം അപകടകരമായ ഒരു പ്രതിഭാസമാണിത്. ഇതിന്റെ ഏറ്റവും വലിയ ആയുധമാണ് ഇസ്ലാമോഫോബിയ.
ഒരു സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണകളും ദുരൂഹതകളും കള്ളങ്ങളും പ്രചരിപ്പിച്ചു കൊണ്ടാണ് ഇസ്ലാമോഫോബിയ വികസിക്കുന്നത്. ഈയൊരു സ്വഭാവത്തിലുള്ള വംശീയഭ്രാന്ത് നമ്മുടെ നാട്ടിലും വളർന്നു വരുന്നത് ഏറെ ആശങ്കാജനകമാണ്. പരസ്പരബഹുമാനത്തിലും സഹവർത്തിത്വത്തിലും ജീവിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ വിള്ളലുകളും ശൈഥില്യങ്ങളും ഉണ്ടാക്കിയെടുക്കാനാണ് വെറുപ്പിന്റെ പ്രചാരകർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ഹെയിറ്റ് കാമ്പയിനെതിരെ നിലകൊള്ളേണ്ടത് സമൂഹത്തിന്റെ മുന്നിൽ നിൽക്കുന്നവരെന്ന നിലയിൽ ഓരോരുത്തരുടെയും ബാധ്യതയാണ്. വിശുദ്ധ വേദപുസ്തകങ്ങളും പ്രവാചകന്മാരും അതിന്റെ അനുയായികളെ ഉണർത്തുന്നത് ജനങ്ങൾക്കുവേണ്ടി ജീവിക്കാനും നീതിയുടെ പക്ഷം ചേർന്ന് പ്രവർത്തിക്കാനുമാണ്. ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ കൂട്ടരുടെ കൂടെ നിൽക്കുകയെന്ന തെറ്റായ സന്ദേശമാണ് സമൂഹത്തിൽ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ നീതിയുടെ പക്ഷത്ത് നിൽക്കാനും അതിന്റെ കാവലാളാവാനും നമുക്ക് കഴിയണം. പ്രളയകാലങ്ങളിലും കോവിഡിന്റെ ദുരിതനാളുകളിലും വയനാട് ദുരന്തത്തിലുമൊക്കെ കേരളം കാരുണ്യത്തിന്റെ ഏറ്റവും സുന്ദരമായ ആവിഷ്കാരങ്ങളാണ് കാഴ്ച വെച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് സമാശ്വാസവും തണലുമാവാൻ നമുക്ക് കഴിയണം. നമ്മുടെ മൂല്യങ്ങളെ ചുറ്റിലുമുള്ളവർക്ക് അനുഭവിപ്പിക്കാൻ നമുക്ക് സാധിക്കണം. ഒരു വിശ്വാസിക്ക് ഒരിക്കലും ഭീകരവാദിയോ തീവ്രവാദിയെ ആകാൻ കഴിയില്ല.
മലയാളിയുടെ മഹിതമായ മൂല്യബോധങ്ങളെ നഷ്ടപ്പെടുത്താൻ ഒരു ശക്തിയെയും നമ്മൾ അനുവദിക്കരുത്. ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ചു അകത്തി നാം നട്ട മരങ്ങൾ മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നതുപോലെ നമുക്ക് ചേർന്നു നിൽക്കാൻ സാധിക്കണമെന്നും അദ്ദേഹം കവി വീരാൻകുട്ടിയെ ഉദ്ധരിച്ചുകൊണ്ട് ഉണർത്തി.പി.വി. രാധാകൃഷ്ണപിള്ള, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ബിനു കുന്നന്താനം, സാനി പോൾ, ഇ.വി രാജീവൻ, ഒ.കെ കാസിം, റഷീദ് മാഹി, മിനി മാത്യു, ഫ്രാൻസിസ് കൈതാരത്ത്, സേവി മാത്തുണ്ണി, ഡോ. പി.വി.ചെറിയാൻ, റംഷാദ് അയിലക്കാട്, ലത്തീഫ് ആയഞ്ചേരി, ചെമ്പൻ ജലാൽ, കെ.ടി സലിം, സുനിൽ ബാബു, അനസ് റഹീം, സൽമാനുൽ ഫാരിസ്, വിനു ക്രിസ്റ്റി, കമാൽ മുഹ് യുദ്ദീൻ, ജമാൽ കുറ്റിക്കാട്ടിൽ, നിസാർ കൊല്ലം, ഫൈസൽ കോട്ടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സലാം മമ്പാട്ടുമൂല, അനിൽകുമാർ യു.കെ, ബിനീഷ് തോമസ്, സിറാജ് പള്ളിക്കര, ശുഭ, രാജീവ് വെള്ളിക്കോത്ത്, കാസിം പാടത്തകായിൽ, അൻവർ നിലമ്പൂർ, അബ്ദുൽസലാം എൻ.വി, മുജീബ്, രിസാലുദ്ദീൻ, ഫൈസൽ പട്ടാണ്ടി, ഫസ് ലുൽ ഹഖ്, അഡ്വ. ഉവൈസ്, സെയ്ദ് ഹനീഫ്, എ.പി. ഫൈസൽ, എ.സി.എ.ബക്കർ, അൻവർ കണ്ണൂർ, അബ്ദുല്ലത്തീഫ്, നൗഷാദ് മഞ്ഞപ്പാറ, വിനീഷ് എം.പി, ഹുസൈൻ വയനാട്, മണിക്കുട്ടൻ, അനോജ് മാസ്റ്റർ, പ്രശാന്ത് പ്രബുദ്ധൻ, ജ്യോതിഷ് പണിക്കർ, പ്രദീപ് പുറവങ്കര, രാജീവ് വെള്ളിക്കോത്ത്, അജി പി.ജോയ്, ആദർശ് മാധവൻകുട്ടി, ജേക്കബ് തേക്കുതോട്, മനോജ് വടകര, മോനി ഓടിക്കണ്ടത്തിൽ, ദീപക് തണൽ, ബിജു ജോർജ്, ജവാദ് വക്കം, പി.വി സിദ്ദീഖ്, ഫൈസൽ കോട്ടപ്പള്ളി, പ്രദീപ് പുറവങ്കര, ബദ്റുദ്ദീൻ പൂവാർ, ജോഷി ജോസഫ്, നിയാസ്, സാലിഹ്, ജലീൽകുട്ടി, മജീദ് തണൽ, ശുഭപ്രഭ രാജീവ്, മുഹമ്മദലി തൃശൂർ, ശറഫുദ്ദീൻ മാരായമംഗലം, ഹംസ, ഇസ്ഹാഖ് പി.കെ, ഫൈസൽ കണ്ടീത്താഴ, മുഹമ്മദ് മൻഷീർ തുടങ്ങിയ ബഹ്റൈനിലെ വിവിധ മേഖലകളിലുള്ള പ്രമുഖർ പങ്കെടുത്തു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സ്വാഗതവും ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി നന്ദിയും പറഞ്ഞു. അനീസ് വി.കെ, മുഹമ്മദ് മുഹ് യുദ്ദീൻ, അജ്മൽ ശറഫുദ്ദീൻ, മൂസ കെ.ഹസൻ, ജലീൽ, റഷീദ സുബൈർ, സാജിദ സലിം, എ.എം. ഷാനവാസ്, ഗഫൂർ മൂക്കുതല, ലത്തീഫ് കടമേരി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.