മുസ്ലിം ലീഗ് മനുഷ്യാവകാശ റാലിക്ക് ഐക്യദാർഢ്യം
text_fieldsമനാമ: പൊരുതുന്ന ഫലസ്തീന് പിന്തുണയേകി മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മനുഷ്യാവകാശ മഹാറാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ഇസ്രായേൽ അധിനിവേശത്തിനെതിരായി സ്വാതന്ത്ര്യസമര പോരാട്ടം നടത്തുന്ന ഫലസ്തീനെ ചേർത്തുപിടിച്ചിരുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മനുഷ്യത്വരഹിതമായ ക്രൂരതകളിലൂടെ ഗസ്സയിലെ നിരപരാധികളെ കൊന്നുതീർക്കുന്ന ഇസ്രായേൽ ഭീകരതക്കെതിരെ ലോക മനസ്സാക്ഷി ഉണരണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എവിടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോഴും മുസ്ലിം ലീഗിന്റെ ശബ്ദം ഉയർന്നുവരാറുണ്ടെന്നും യോഗത്തിൽ ചൂണ്ടിക്കാട്ടി. മനാമ ഇ. അഹമ്മദ് സാഹിബ് ഓഡിറ്റോറിയത്തിൽ ശംസുദ്ദീൻ വെള്ളികുളങ്ങരയുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി കുട്ടുസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. അബ്ദുറസാഖ് നദ്വി ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കുവേണ്ടി പ്രാർഥന നടത്തി.
ഫലസ്തീനോടുള്ള ഐക്യദാർഢ്യ പ്രതിജ്ഞക്ക് ഗഫൂർ കൈപമംഗലം നേതൃത്വം നൽകി. റസാഖ് മൂഴിക്കൽ, ഷാഫി പാറക്കട്ട, ഷരീഫ് വില്യാപ്പിള്ളി, നിസാർ ഉസ്മാൻ, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ സന്നിഹിതരായിരുന്നു. റഫീഖ് തോട്ടക്കര സ്വാഗതവും സലീം തളങ്കര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.