കേരളീയ സമാജത്തിൽ 6, 7, 8 തീയതികളിൽ ഏകപാത്ര നാടകോത്സവം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം - സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ 6, 7, 8 തിയതികളിൽ ഏകപാത്ര നാടകോത്സവം ( Solo Drama Festival ) നടക്കും. ബഹ്റൈനിൽ ആദ്യമായാണ് ഒരാൾ മാത്രം അഭിനയിക്കുന്ന ഏകപാത്ര നാടകോത്സവം സംഘടിപ്പിക്കപ്പെടുന്നത്. ബഹ്റൈനിൽനിന്നുള്ള എട്ട് നാടകങ്ങൾ മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കും. ആദ്യദിനമായ ചൊവ്വാഴ്ച വൈകീട്ട് എട്ടിന് അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പന്ത്രണ്ട് സമം ഒന്ന്’, എസ്.കെ. നായരുടെ രചനയിൽ നിഖിൽ കരുണാകരൻ സംവിധാനം ചെയ്യുന്ന ‘കന്മഷം’, കെ.വി. ശരത് ചന്ദ്രൻ രചനയും ഷാഗിത് രമേഷ് സംവിധാനവും നിർവഹിക്കുന്ന ‘ബ്ലഡ് ദ വിറ്റനസ്’ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തുന്നത്.
ബുധനാഴ്ച വൈകീട്ട് എട്ടിന് അനീഷ് നിർമലൻ രചന നിർവഹിച്ച് നജീബ് മീരാൻ സംവിധാനം ചെയ്യുന്ന ‘സ്റ്റാറിങ് സുമിത്ര’, ജയൻ മേലത്തിന്റെ രചനയിൽ ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന ‘ആവാരാഹും’ എന്നീ നാടകങ്ങളുടെ അവതരണം നടക്കും. അവസാന ദിവസമായ വ്യാഴാഴ്ച വൈകീട്ട് എട്ടിന് ഒ. ഹെൻട്രിയുടെ രചനക്ക് വിഷ്ണു നാടകഗ്രാമം രംഗഭാഷ്യമൊരുക്കുന്ന ‘പൊലീസുകാരനും സ്തോത്രഗീതവും’, എ. ശാന്തകുമാറിന്റെ രചനയിൽ ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്യുന്ന ‘ഏകാകിനി’, കാളിദാസ് പുതുമനയുടെ രചനയിൽ സതീഷ് പുലാപ്പറ്റ സംവിധാനം ചെയ്യുന്ന ‘ദക്ഷിണായനം’ എന്ന നാടകങ്ങളും അരങ്ങേറും.
ഇരുപത് മിനിറ്റ് ദൈർഘ്യം മാത്രമുള്ളതാണ് നാടകങ്ങൾ. എട്ട് നാടകങ്ങളിലൂടെ എട്ട് നടീനടന്മാരാണ് പ്രേക്ഷർക്ക് മുന്നിലെത്തുന്നത്.
ബഹ്റൈൻ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മികച്ച എട്ട് സംവിധായകരാണ് നാടകങ്ങൾ ഒരുക്കുന്നത്. എല്ലാ കലാസ്വാദകരെയും ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോഖ്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.