സോപാനം വാദ്യസംഗമം ഒക്ടോബർ ആറിന് ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിൽ
text_fieldsമനാമ: സോപാനം വാദ്യകലാസംഘവും കോൺവെക്സ് ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം ഒക്ടോബർ ആറിന് നടക്കും. വൈകീട്ട് നാലു മുതൽ ടുബ്ലി അദാരി പാർക്ക് ഗ്രൗണ്ടിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും പരിപാടിയിൽ അരങ്ങേറുന്നു എന്നത് ഈ വർഷത്തെ വാദ്യസംഗമത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബർ ആറിന് വൈകീട്ട് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. തുടർന്ന് പ്രശസ്ത സോപാന സംഗീതഞ്ജൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നാൽപത് കലാകാരന്മാരും കലാകാരികളും സോപാനസംഗീതം ആലപിക്കും. തുടർന്ന് കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ ഇരുനൂറിൽപരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളവും അരങ്ങേറും. ലോകപ്രശസ്ത മ്യൂസിക് വാദ്യകല ബാൻഡായ ത്രികായ അവതരിപ്പിക്കുന്ന പ്രത്യേക വാദ്യസംഗീത സമന്വയം പരിപാടിയിൽ കേരളത്തിലെ പ്രഗല്ഭരായ വാദ്യസംഗീത കലാകാരന്മാർ പങ്കെടുക്കും. ത്രികായ സംഗീത പരിപാടിയിൽ സംഗീത സംവിധായകൻ ശരത് പങ്കെടുക്കും. അദാരി പാർക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്ന പരിപാടികൾക്കായി അതിവിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ കോൺവെക്സ് മീഡിയ എം.ഡി അജിത്ത് നായർ, സോപാനം രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ശശികുമാർ, സോപാനം മീഡിയ കോഡിനേറ്റർ മനു മോഹനൻ, സോപാനം കോഓഡിനേറ്റർ വിനീഷ് സോപാനം, രൂപേഷ് ഊരാളുങ്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.