എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം
text_fieldsമനാമ: പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ നിര്യാണത്തിൽ ബഹ്റൈനിലെ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും അനുശോചിച്ചു.
പീപ്ൾസ് ഫോറം ബഹ്‌റൈൻ
പീപ്ൾസ് ഫോറം ബഹ്‌റൈൻ അനുശോചിച്ചു. സ്വരമാധുര്യം കൊണ്ടും ആലാപന വൈഭവം കൊണ്ടും സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ച പ്രിയ ഗായകെൻറ വിയോഗം സംഗീതലോകവും സംഗീത പ്രേമികളും ഞെട്ടലോടെയാണ് അറിഞ്ഞത്. പകരം വെക്കാനില്ലാത്ത പ്രഗത്ഭനായ പ്രതിഭയെയാണ് നഷ്ടമായിരിക്കുന്നതെന്നും ആത്മാവിെൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ബഹ്‌റൈന്‍
കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എസ്.പി.ബി പകരം വെക്കാനില്ലാത്ത സംഗീതജ്ഞനാണെന്നും വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്ടമാണെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ആസ്വാദകര്‍ക്കും ലോകത്തിനും ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഓര്‍മയായത്. ജീവിതകാലം മുഴുവന്‍ സംഗീതത്തിനായി ഉഴിഞ്ഞുെവച്ച എസ്.പി.ബിയുടെ മാധുര്യശബ്ദം കലാലോകത്ത് എന്നും പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഫ്രൻഡ്സ് കലാസാഹിത്യവേദി
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രരംഗത്തെ വിഖ്യാത ഗായകരിൽ ഒരാളാവാൻ കഴിഞ്ഞത് അദ്ദേഹത്തിെൻറ പ്രത്യേകതയാണ്.നാൽപതിനായിരത്തിലധികം പാട്ടുകൾ പാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ കിട്ടി. ഭാഷയുടെ അതിരുകൾ ഭേദിച്ച് സ്വരവീണമീട്ടിയ ഗാന ഗന്ധർവനായിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തിെൻറ കുടുംബത്തിനും ബന്ധുക്കൾക്കും വേർപാട് താങ്ങാൻ കരുത്ത് ലഭിക്കട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഫ്രൻഡ്സ് ഓഫ് ബഹ്റൈന്‍
ഫ്രൻഡ്സ് ഓഫ് ബഹ്റൈന്‍ ദുഃഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷ്യൻ ആയിരുന്നെന്നും ഭാരവാഹികളായ എബ്രഹാം ജോണ്‍, എഫ്.എം. ഫൈസൽ, ജഗത് കൃഷ്ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ബി.കെ.എസ്.എഫ്
ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ് ലൈൻ ദു:ഖം രേഖപ്പെടുത്തി. ബഹ്‌റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചർ ഫോറം എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ വിയോഗത്തില്‍ ബഹ്‌റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചർ ഫോറം പ്രസിഡൻറ് സോവിച്ചൻ ചേന്നാട്ടുശ്ശേരി അനുശോചിച്ചു. എസ്.പി.ബിയുടെ മരണം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട്
ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് അനുശോചനം രേഖപ്പെടുത്തി.സംഗീതം കൊണ്ട് വിസ്മയം തീർത്ത എസ്.പി.ബിയുടെ മരണം, സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ പറഞ്ഞു. ആദരസൂചകമായി, വെള്ളിയാഴ്ച നടത്താനിരുന്ന ഫ്രറ്റേണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം നീട്ടിവെച്ചതായും ഭാരവാഹികൾ അറിയിച്ചു.
സിറോ മലബാർ സൊസൈറ്റി
സിറോ മലബാർ സൊസൈറ്റി ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. സൗഹൃദങ്ങൾക്ക് എന്നും വിലകൽപിച്ചിട്ടുള്ള അദ്ദേഹത്തിെൻറ മാനവികതയും സഹജീവികളോടുള്ള കരുണയും എടുത്തുപറയേണ്ടതാണെന്ന് പ്രസിഡൻറ് ചാൾസ് ആലുക്ക അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഐമാക് കൊച്ചിൻ കലാഭവൻ
എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ നിര്യാണത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ അനുശോചിച്ചു. എസ്.പി.ബി എന്ന മൂന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്മയങ്ങൾ സൃഷ്ടിച്ച അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വിലകൽപിച്ചിരുന്ന മനുഷ്യസ്നേഹിയും ആയിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം എന്ന് ചെയർമാൻ ഫ്രൻസിസ് കൈതാരത്തും പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വീ കെയർ ഫൗണ്ടേഷൻ
വീ കെയർ ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര-ഗാനാലാപന രംഗത്തെ അതികായനെയാണ് അദ്ദേഹത്തിെൻറ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ സ്വരമാധുര്യം കൊണ്ട് വേറിട്ട് നിൽക്കുന്നതാണ്. ഇന്ത്യയിലും വിദേശത്തുമുള്ള സംഗീതപ്രേമികൾക്കു തീരാനഷ്ടമാണ് അദ്ദേഹത്തിെൻറ വിയോഗത്തിലൂടെ സംഭവിച്ചതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
യു.പി.പി
യുനൈറ്റഡ് പേരൻറ്സ് പാനല്‍ (യു.പി.പി) അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.