ബഹിരാകാശ പര്യവേക്ഷണം; പരസ്പര സഹകരണം ശക്തമാക്കുമെന്ന് സ്പേസ് എജുക്കേഷൻ സമ്മിറ്റ്
text_fieldsമനാമ: സ്പേസ് സയൻസ് ഏജൻസി സംഘടിപ്പിക്കുന്ന സ്പേസ് എജുക്കേഷൻ ഉച്ചകോടി 2024ൽ ബഹ്റൈൻ പങ്കാളിയായി. നാഷനൽ സ്പേസ് സയൻസ് ഏജൻസിയാണ് ബഹ്റൈനെ പ്രതിനിധാനം ചെയ്ത് ഇതിൽ പങ്കെടുത്തത്. സ്പേസ് സയൻസ്, പര്യവേക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികളും വ്യക്തികളും ഗവേഷകരും പങ്കെടുത്ത ഉച്ചകോടി പരസ്പര സഹകരണം വർധിപ്പിക്കാനും അനുഭവ സമ്പത്ത് കൈമാറാനും ഗുണകരമായതായി നാഷനൽ സ്പേസ് സയൻസ് ഏജൻസി ചീഫ് എക്സിക്യൂട്ടിവ് ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്താനും അതുവഴി ഈ മേഖലയിൽ ബഹ്റൈന് നേട്ടങ്ങൾ കൈവരിക്കാനും പുതിയ കണ്ടുപിടിത്തങ്ങൾ നടത്താനുള്ള ആശയ കൈമാറ്റങ്ങളും നടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമിയെ സംരക്ഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം ഉച്ചകോടി ഓർമിച്ചു. ഇതര രാജ്യങ്ങളുമായി വിദ്യാഭ്യാസ പാഠ്യപദ്ധതികളും പരിശീലന പരിപാടികളും വികസിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും ഉച്ചകോടി സഹായകമായി.
ബഹിരാകാശ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഇന്ററാക്ടിവ് വർക്ക്ഷോപ്പുകൾ, ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ എന്നിവയുൾപ്പെടെ ദേശീയ തലത്തിൽ വിദ്യാഭ്യാസത്തെയും ബഹിരാകാശ സംബന്ധിയായ വിഷയങ്ങളെയും കുറിച്ചുള്ള സെഷനുകളുടെ ഒരു പരമ്പരതന്നെ നാഷനൽ സ്പേസ് സയൻസ് ഏജൻസി സംഘടിപ്പിച്ചിരുന്നു. അടുത്ത തലമുറയിലെ ബഹിരാകാശ ശാസ്ത്രജ്ഞരെയും എൻജിനീയർമാരെയും വളർത്തിയെടുക്കാനും സുസ്ഥിരമായ ദേശീയ ബഹിരാകാശ സമ്പദ്വ്യവസ്ഥയെ രൂപവത്കരിക്കാനും ഉദ്ദേശിച്ചാണ് പരിപാടികൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.