മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതി -മന്ത്രി
text_fieldsമനാമ: മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനും നവീകരണത്തിനും പ്രത്യേക പദ്ധതി കൊണ്ടുവരുമെന്ന് മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിത്ര ഫിഷിങ് ഹാർബർ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മീൻപിടിത്ത മേഖലയിലുള്ളവരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും ആധുനികവത്കരണം നടപ്പാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. രാജ്യത്തെ മത്സ്യസമ്പത്ത് സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം അതിന്റെ സുസ്ഥിരതക്കായി പദ്ധതികളാവിഷ്കരിക്കുകയും ചെയ്യും. ഇത് ഭക്ഷ്യോൽപാദനം വർധിപ്പിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാർബറുകളുടെ നവീകരണത്തിന് നിക്ഷേപ പദ്ധതികളാവിഷ്കരിക്കാനും ഉദ്ദേശ്യമുണ്ട്. സ്വകാര്യ മേഖലക്ക് നിക്ഷേപം നടത്താൻ അവസരമൊരുക്കും. മത്സ്യക്കൃഷി മേഖലയിലും കൂടുതൽ നിക്ഷേപകർ കടന്നുവരാനാവശ്യമായ പശ്ചാത്തലമൊരുക്കും. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി മത്സ്യ ലഭ്യതയുടെ സുസ്ഥിരത ഉറപ്പാക്കും. രാജ്യത്തിന്റെ 11 തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ഇതിനകംതന്നെ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയോടൊപ്പം കാപിറ്റൽ മുനിസിപ്പൽ ചെയർമാൻ സാലിഹ് തറാദ, കാർഷിക, മത്സ്യ സമ്പദ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അമീൻ ഹസൻ, മത്സ്യസമ്പദ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഹുസൈൻ മക്കി, ഹാർബർ ഡയറക്ടറേറ്റ് വിഭാഗം മേധാവി ഖാലിദ് അശ്ശീറാവി തുടങ്ങിയവരും അനുഗമിച്ചിരുന്നു. നിലവിൽ സിത്ര ഹാർബറിലുള്ള സൗകര്യങ്ങൾ സംഘം വിലയിരുത്തുകയും സ്വകാര്യ മേഖലയുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യ വികസനവും മത്സ്യസമ്പദ് വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.