റോഡപകടങ്ങൾക്കു കാരണം യുവാക്കളുടെ അമിതവേഗവും അശ്രദ്ധയും
text_fieldsമനാമ: അമിതവേഗത്തെ ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരായ ഡ്രൈവർമാരാണ് വാഹനാപകടങ്ങൾക്ക് ഏറെയും കാരണക്കാരെന്ന് ട്രാഫിക് നിയമകാര്യ വിഭാഗം മേധാവി മേജർ ഖാലിദ് ബുക്കായിസ്.
ചെറുപ്പക്കാരായ പുരുഷ ഡ്രൈവർമാർ അമിത ആത്മവിശ്വാസം പുലർത്തുകയും സുഹൃത്തുക്കൾക്കു മുന്നിൽ ആളാകാനായി അമിതവേഗത്തിൽ വാഹനമോടിക്കുകയും ചെയ്യുന്നതായി കാണുന്നു. പല അപകടങ്ങൾക്കും കാരണമാകുന്നത് ഈ അമിതവേഗമാണെന്നും ട്രാഫിക് നിയമകാര്യ വിഭാഗം മേധാവി പറഞ്ഞു. പരിചയക്കുറവും അമിത ആത്മവിശ്വാസവും കൂടിച്ചേരുമ്പോൾ ദുരന്തങ്ങളുണ്ടാകുന്നു. എത്ര മികച്ച ഡ്രൈവറാണെങ്കിലും ഗതാഗതത്തിരക്കുള്ള ഹൈവേകളിൽ വാഹനം നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമല്ല. ഉയർന്ന വേഗം എന്നാൽ നിയന്ത്രണം കുറവ് എന്നാണർഥം.
ചെറുപ്പക്കാർ അപകടങ്ങളിൽപെടുന്നതിന്റെ മറ്റൊരു കാരണം മൊബൈൽ ഫോണുകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധതെറ്റാൻ ഇടയാക്കും. സോഷ്യൽ മീഡിയ സന്ദേശങ്ങളിലേക്ക് ഒന്നു പാളി നോക്കുന്ന സമയത്തായിരിക്കും അപകടം ഉണ്ടാകുക. റോഡിൽ എപ്പോഴും ശ്രദ്ധ വേണമെന്ന അടിസ്ഥാന പാഠം യുവാക്കൾക്കുണ്ടാകണം.
അപകടങ്ങളുടെ മറ്റൊരു കാരണം ഡ്രൈവറുടെ പരിചയക്കുറവാണ്. ഈ സാഹചര്യത്തിൽ ശരിയായ ഡ്രൈവിങ് പോലും അപകടത്തിൽ കലാശിച്ചേക്കാം.ഡ്രൈവിങ് പരിശീലിച്ച് ആദ്യ മാസങ്ങളിൽ പരിഭ്രാന്തരാകുകയോ ഉത്കണ്ഠ അനുഭവിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. നിയമങ്ങൾ പാലിക്കാത്ത ഡ്രൈവർമാരും ഹോൺ മുഴക്കുന്നവരും യുവ ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിച്ചേക്കാം.
റോഡ് എത്ര ശൂന്യമായി തോന്നിയാലും വേഗപരിധികൾ പാലിക്കുക എന്നതാണ് സുരക്ഷക്ക് വേണ്ടത്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്. ആദ്യത്തെ കുറച്ച് മാസങ്ങളിലെങ്കിലും പരിചിതമായ റോഡുകളിലൂടെ ഡ്രൈവിങ് നടത്തുക. ബഹ്റൈനിലെ റോഡുകളിലെ വേഗപരിധി പുനഃപരിശോധിക്കണമെന്ന് നിരവധി എം.പിമാർ ആവശ്യപ്പെട്ടിരുന്നു. ചില ഹൈവേകളിൽ വേഗപരിധി വർധിപ്പിക്കണമെന്നും അവർ നിർദേശിച്ചിരുന്നു. വേഗപരിധി 30 ശതമാനത്തിൽ കവിയുന്നവർക്ക് 50 ദീനാറിനും 250 ദീനാറിനും ഇടയിൽ പിഴയും മൂന്നു മാസം വരെ തടവും ശിക്ഷ വിധിക്കാമെന്നും എം.പിമാർ ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.