Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകായിക ഇന്ത്യ റൈറ്റ്...

കായിക ഇന്ത്യ റൈറ്റ് ട്രാക്കിൽ

text_fields
bookmark_border
കായിക ഇന്ത്യ റൈറ്റ് ട്രാക്കിൽ
cancel
camera_alt

ഏകദിന ക്രിക്കറ്റ്​ ലോകകപ്പ്​ ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ്​ ടീം

സ്വാതന്ത്ര്യപ്പുലരിയുടെ 75ാം വാർഷികത്തിനായി രാജ്യം ഒരുങ്ങുന്നതിനു ദിവസങ്ങൾക്കു മുമ്പാണ് ബർമിങ്ഹാമിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ കായികപോരാട്ടത്തിന് കൊടിയിറങ്ങിയത്. മെഡൽ വാരും ഇനമായ ഷൂട്ടിങ് ഇല്ലാത്ത ഗെയിംസിൽ ഭേദപ്പെട്ട പ്രകടനവുമായി തലയുയർത്തിത്തന്നെയാണ് ഇന്ത്യയുെട അഭിമാനതാരങ്ങളുടെ മടക്കം.

ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഏഴാം വർഷമായിരുന്നു ആദ്യ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്. കായിക ഫെഡറേഷനുകളൊന്നുമില്ലാത്ത ശൈശവദശയിലായ ഇന്ത്യ ട്രാക്കിലിറങ്ങിയെങ്കിലും വെറുംകൈയോടെ മടങ്ങി. എന്നാൽ, ഏഴു പതിറ്റാണ്ടിനിപ്പുറം ബ്രിട്ടീഷുകാരുടെ മുറ്റത്തുനിന്ന് കോമൺവെൽത്ത് ഗെയിംസ് പോരാട്ടവും കഴിഞ്ഞ് കൊട്ട നിറയെ പൊന്നും വെള്ളിയും വാരിക്കൂട്ടിയാണ് ടീം ഇന്ത്യയുടെ വരവ്. തങ്ങളുടെ ചരിത്രത്തിലെ ഗെയിംസ് മെഡൽ പട്ടികയിൽ ഏറ്റവും മികച്ചതല്ലെങ്കിലും മുൻകാല ഗെയിംസുകളേക്കാൾ കൂടുതൽ ആത്മവിശ്വാസം നൽകുന്നുണ്ട് ഈ പ്രകടനം. മാത്രമല്ല, മലയാളമണ്ണിൽ മെഡൽനേട്ടങ്ങളുടെ വസന്തകാലം തിരികെയെത്തുന്നു എന്നതിന്‍റെ സൂചനകളും അത്ലറ്റിക്സിലെ സുപ്രധാന വിജയങ്ങൾ അടിവരയിടുന്നു.

ഗെയിംസ് ട്രാക്കിൽ മാത്രമല്ല, ഒളിമ്പിക്സിലും ഹോക്കി, ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്‍റൺ ഉൾപ്പെടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മറ്റു കായികയിനങ്ങളിലുമെല്ലാം ഇന്ത്യ ശരിയായ ട്രാക്കിലാണെന്നു പറയാം.

ധ്യാൻചന്ദും കപിൽദേവും നൽകിയ ആഘോഷം

കായിക ഇന്ത്യയുടെ ചരിത്രം ധ്യാൻ ചന്ദിന്‍റെ മാന്ത്രിക ഹോക്കി സ്റ്റിക്കിൽനിന്ന് തുടങ്ങേണ്ടിവരും. സ്വാതന്ത്ര്യത്തിനു മുമ്പായിരുന്നു ധ്യാൻചന്ദും ഹോക്കി സ്റ്റിക്കും ഇന്ത്യയുടെ യശസ്സ് കടലുകൾക്കപ്പുറത്തേക്ക് എത്തിച്ചതെങ്കിലും അതൊരു പാരമ്പര്യത്തിന്‍റെ അടയാളമായി. ശേഷം, അതിജീവനത്തിനായുള്ള പോരാട്ടങ്ങൾക്കിടയിൽ യശസ്സറ്റുപോയ കായികസംസ്കാരം 1950കളോടെയാണ് വീണ്ടും തളിർത്തുതുടങ്ങുന്നത്.

പക്ഷേ, ഹോക്കിയിലും ഫുട്ബാളിലുമായി മതിമറന്ന മൈതാനങ്ങളും പാടങ്ങളും ക്രിക്കറ്റിന്‍റെ അതിപ്രസരത്തിൽ അമർന്നുപോയി. അതിന്, നിലമൊരുക്കുന്നതായിരുന്നു സുനിൽ ഗവാസ്കറും കപിൽദേവും രവിശാസ്ത്രിയും പോലെയുള്ള താരപ്പിറവികൾ.

1983ൽ ക്രിക്കറ്റ് ഏകദിന ലോകകപ്പ് വിജയം ഇന്ത്യയുടെ കായികലോകത്തെ ഒരുപരിധിവരെ ക്രിക്കറ്റ് ആവേശത്തിലേക്ക് നയിച്ചു. കന്യാകുമാരി മുതൽ കശ്മീർവരെ മൈതാനങ്ങളെ ക്രിക്കറ്റ് കീഴടക്കുകയും പരസ്യവരുമാനം സജീവമാവുകയും ബി.സി.സി.ഐ എന്ന പ്രഫഷനൽ മികവോടെയുള്ള സമിതി ശക്തമാവുകയും ചെയ്തത് ക്രിക്കറ്റിന്‍റെ കെട്ടുറപ്പിന് അടിത്തറ പണിതു. മുഹമ്മദ് അസ്ഹറുദ്ദീൻ, സചിൻ ടെണ്ടുൽകർ, അനിൽ കുംെബ്ല, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയ തലമുറ മുതൽ എം.എസ്. ധോണിയും വിരാട് കോഹ്ലിയും രോഹിത് ശർമയുംവരെയുള്ള തലമുറകൾ 1983ൽ കപിലിന്‍റെ ചെകുത്താൻപട തുടങ്ങിവെച്ച ആവേശക്കൊടുങ്കാറ്റിലൂടെ വേരുപിടിച്ച് മുളപൊട്ടി പടർന്നുപന്തലിച്ചവയാണ്.

2011ലെ ഏകദിന കിരീടവും ടെസ്റ്റ് വിജയങ്ങളും ട്വന്‍റി 20 കിരീടവും ഐ.പി.എൽ എന്ന ചാമ്പ്യൻഷിപ്പിന്‍റെ സ്വാധീനവുമെല്ലാം ഇന്ത്യയെ ക്രിക്കറ്റിന്‍റെ പുണ്യഭൂമിയാക്കി മാറ്റി. സംസ്ഥാനാടിസ്ഥാനത്തിലെ ശാസ്ത്രീയമായ ടൂർണമെന്‍റ് രീതികളും മികച്ച നിലവാരത്തിലെ അക്കാദമികളും യുവതാരങ്ങൾക്ക് അവസരങ്ങളും ലഭിച്ചതോടെ ഈ മണ്ണ് ക്രിക്കറ്റിന് അക്ഷയഖനിയായി.

എന്നാൽ, ഇതേസമയം തുരുമ്പെടുത്തുപോയ രണ്ട് കായികയിനങ്ങളായിരുന്നു ഹോക്കിയും ഫുട്ബാളും.

സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് യശസ്സ് നൽകിയ മൈതാനപ്പോരാട്ടങ്ങൾ. പക്ഷേ, ക്രിക്കറ്റിന് ബി.സി.സി.ഐ നൽകിയ കരുതലും ദിശാബോധവുമുള്ള ഒരു നേതൃത്വം ഫുട്ബാളിനും ഹോക്കിക്കും ഇല്ലാതെപോയതോടെ ഇവ രണ്ടും ക്ഷയിച്ച് എല്ലും തോലുമായി. 1928 മുതൽ 1980 വരെ 12 ഒളിമ്പിക്സിൽ എട്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കിയ ഹോക്കിസംഘത്തിന് പിന്നീടുള്ള കാലം തറവാട്ടിലെ മെലിഞ്ഞുപോയ ആനയുടെ അവസ്ഥയായിരുന്നു.

1948ൽ ഒളിമ്പിക്സിൽ സെമിവരെ കളിച്ച് ലോകോത്തര ജയങ്ങളുമായി മുന്നേറിയ ഫുട്ബാൾ ടീമാകട്ടെ കടലാസ് വിലപോലുമില്ലാത്ത സംഘമായി.

വ്യക്തിഗത കായികമികവ് അടിസ്ഥാനമായ അത്ലറ്റിക്സ് ട്രാക്കിൽ പതുക്കെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഏഷ്യൻ ഗെയിംസിലും സാഫ് ഗെയിംസിലുമെല്ലാം മെഡലുകളണിഞ്ഞ ഇന്ത്യക്ക് ഒളിമ്പിക്സ് വേദിയിൽ ഏറെക്കാലം ഓർക്കാനുണ്ടായിരുന്നത് പി.ടി. ഉഷക്ക് നഷ്ടമായ ഓട്ടുമെഡൽ മാത്രമായിരുന്നു. കേരളം സമ്മാനിച്ച ഉഷയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജും മേഴ്സി കുട്ടനും ടി.സി. യോഹന്നാനും സുരേഷ് ബാബുവും ബോബി അലോഷ്യസും എം.ഡി. വത്സമ്മയും ഉൾപ്പെടെ പ്രതിഭകളിലൂടെ ഒരുകാലം മുന്നേറി.

ഈ സഹസ്രാബ്ദത്തിൽ കേരളത്തിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മറ്റു നാടുകളുമെല്ലാം ഒരുപിടി അത്ലറ്റുകളെ ലോകവേദിയിൽ സംഭാവനചെയ്യുന്നത് അഭിമാനകരമായ നേട്ടങ്ങളാണ്.

ബാഡ്മിന്‍റൺ കോർട്ടിൽ പി. ഗോപിചന്ദിനും പ്രകാശ് പദുകോണിനും പിൻഗാമികളായി ഒളിമ്പിക്സ് മെഡൽവരെ ഉയർന്ന പി.വി. സിന്ധുവും സൈന നെഹ്വാളും ഒരുപിടി നേട്ടങ്ങൾ സമ്മാനിച്ച കെ. ശ്രീകാന്ത്, ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് തുടങ്ങിയ താരനിരയും ബാഡ്മിന്‍റൺ ഇന്ത്യയുടെ ഭാവിയാക്കിമാറ്റുന്നുണ്ട്. വിജയ് അമൃത്രാജിലും രാമനാഥ് കൃഷ്ണനിലും തുടങ്ങി ലിയാൻഡർ പേസും മഹേഷ് ഭൂപതിയും സാനിയ മിർസയും ഉൾപ്പെടെ ഇതിഹാസങ്ങൾ അവിസ്മരണീയമാക്കിയ ടെന്നിസും മേരികോമും വിജേന്ദർ സിങ്ങും ഉജ്ജ്വലമാക്കിയ ബോക്സിങ്ങുമെല്ലാം കഴിഞ്ഞുപോയ കാലത്തെ ഇന്ത്യൻ കായിക കുതിപ്പുകളാണ്.

ലോകമേളയിൽ മെഡൽപിറക്കുന്ന മറ്റൊരുപിടി കായികയിനങ്ങളിലും ഇന്ത്യ ഇപ്പോൾ ശരിയായ ദിശയിലാണ്. ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, ഗുസ്തി, അമ്പെയ്ത്ത്, സൈക്ലിങ്, വോളിബാൾ, ജിംനാസ്റ്റിക്സ് തുടങ്ങി വൈവിധ്യമാർന്ന കായിക പോരാട്ട വേദികളിൽ ഇന്ത്യ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

ഭാവി ഇന്ത്യയുടേത്

75 വർഷത്തെ ചരിത്രം ഇന്ത്യൻ കായിക കരുത്തിന് അടിത്തറയിടുന്നതായിരുന്നു. വീഴ്ചകളെ പാഠമാക്കിയും നേട്ടങ്ങളെ കരുത്താക്കിയും കായിക ഇന്ത്യ മുന്നേറുകയാണ്. 130 കോടി ജനങ്ങളാണ് ഈ മണ്ണിന്‍റെ സമ്പത്ത്. മൈതാനത്ത് മിന്നുംവിജയങ്ങൾ കൊയ്യാനുള്ള മനുഷ്യവിഭവം എന്നതിനൊപ്പം, അവക്കുള്ള വിപണി സാധ്യതയും തുറന്നുനൽകുന്നത് ഈ ശതകോടി ജനംതന്നെ. അതുകൊണ്ടാണല്ലോ രാജ്യാന്തര ഫുട്ബാൾ സംഘടനയായ ഫിഫ മുതൽ, വിവിധ യൂറോപ്യൻ ലീഗ് ഫുട്ബാളുകളും ഒളിമ്പിക്സ് കമ്മിറ്റിയുമെല്ലാം ഇന്ത്യൻ വിപണിയെ തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നത്.

വിശാലമായ മണ്ണിൽ, കായിക കരുത്തും പ്രതിഭയുമള്ള ഒരുപിടി പേരുണ്ടെങ്കിലും അവർക്ക് ശരിയായ പരിശീലനവും ദിശാബോധവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകൾ തോറും പരിശീലന സ്ഥാപനങ്ങൾ, കായികസംസ്കാരം വളർത്തുന്നതിനാവശ്യമായ പാഠ്യരീതികൾ, വിവിധ കായികയിനങ്ങൾക്ക് അടിത്തറയിടുന്ന ഗ്രാസ്റൂട്ട് കേന്ദ്രങ്ങളും ക്ലബുകളും വേണം. അങ്ങനെ, ദീർഘവീക്ഷണത്തോടെ മുന്നേറിയാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കായിക നയങ്ങൾ ജലരേഖയായി മാറാതെ ഫലം കാണുമെന്നതിൽ സംശയമില്ല.

റിലയൻസിന്‍റെ പിന്തുണയോടെ തുടക്കംകുറിച്ച ഇന്ത്യൻ സൂപ്പർലീഗ് ദേശീയ ഫുട്ബാളിന് കൂടുതൽ പ്രഫഷനൽ തികവ് സമ്മാനിക്കുന്നതുപോലെ, വോളിബാളിലെയും ഹോക്കിയിലെയും പുതിയ മാറ്റങ്ങൾ നൽകുന്ന നല്ല സൂചനകളും കായിക ഇന്ത്യക്ക് പ്രതീക്ഷയുടേതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsIndipendence DayBest of Bharat
News Summary - Sports India is on the right track
Next Story