ബഹ്റൈനിൽ ഇനി കലയുടെ വസന്തകാലം
text_fieldsമനാമ: രാജ്യത്തെ കലാസ്വാദകർക്ക് വിരുന്നായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ‘സ്പ്രിങ് ഓഫ് കൾച്ചർ’ കലാ സാംസ്കാരിക പരിപാടി എത്തുന്നു. പുതിയതും വൈവിധ്യമാർന്നതുമായ കലാ പരിപാടികളടങ്ങുന്ന സാംസ്കാരിക കലണ്ടർ ബഹ്റൈൻ നാഷനൽ തിയറ്ററിൽ നടന്ന വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വാർഷിക ഉത്സവത്തിന്റെ 19ാം പതിപ്പ് 2025 ജനുവരി ആറു മുതൽ ഫെബ്രുവരി 28 വരെ നടക്കുമെന്ന് ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റ്ക്വിറ്റീസ് (ബാക്ക) പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ പറഞ്ഞു. അല്ബരെ ആര്‍ട്ട് സ്പേസ്, അല്‍ റിവാഖ് ആര്‍ട്ട് സ്പേസ്, ആര്‍ട്ട് കണ്‍സെപ്റ്റ് ഗാലറി, ഫോക്ക് ആര്‍ട്ട് സ്പേസ്, ലാ ഫോണ്ടെയ്ന് സെന്റര്‍ ഫോര്‍ കണ്ടംപററി ആര്‍ട്ട്, ആര്.എ.കെ ആര്‍ട്ട് ഫൗണ്ടേഷന് എന്നിവയുമായി സഹകരിച്ച് ബി.എ.സി.എ, അല്‍ ഡാന ആംഫി തിയറ്റര്‍, ശൈഖ് ഇബ്രാഹിം ബിന്‍ മുഹമ്മദ് ആല് ഖലീഫ സെന്റര്‍ ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവ സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ജനുവരി ഒമ്പതിന് സിയാദ് സൈമാന്റെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ മ്യൂസിക് ബാന്‍ഡിന്റെയും ബഹ്റൈന്‍ കലാകാരന് ഇബ്രാഹിം ഹബീബിന്റെയും സംഗീതപരിപാടി ബഹ്റൈന്‍ നാഷനല്‍ തിയറ്ററിൽ നടക്കും. ജനുവരി 10ന് അറബ് ലോകത്തെ ഏറ്റവും പ്രശസ്തനായ സംഗീതജ്ഞൻ സീസർ എന്നറിയപ്പെടുന്ന കാദിം അല്‍ സാഹിറിന്റെ പരിപാടി അൽ ദാന ആംഫി തിയറ്റിൽ അരങ്ങേറും. ഇറാഖി ഗായകനായ കാദിം മൂന്നാം തവണയാണ് പവിഴദ്വീപിലെത്തുന്നത്.
ജനുവരി 30 -31 ഡോണ്‍ ക്വിക്സോട്ട് സംഗീതാവിഷ്കാരം നടക്കും. ഫെബ്രുവരി ആറിന് ഈജിപ്ഷ്യന്‍ സംഗീത സംവിധായകന് ഒമര്‍ ഖൈറത്ത് ഡോ. മുബാറക് നജമിന്റെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രക്കൊപ്പം പരിപാടി അവതരിപ്പിക്കും. ഫെബ്രുവരി 13ന് ഈജിപ്ഷ്യന്‍ കലാകാരന് അമല്‍ മഹര്‍ വേദിയിലെത്തും. ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര ഫെബ്രുവരി 20ന് മനാമയില്‍ യെമന്‍ മെലഡി കച്ചേരി അവതരിപ്പിക്കും. ജനുവരി 16 മുതല്‍ ബഹ്റൈനിലെ ബ്രിട്ടീഷ് എംബസിയുമായി സഹകരിച്ച് ഇംഗ്ലീഷ് ചേംബര്‍ ഓര്‍ക്കസ്ട്രയുടെ ഡ്യുവോ പരിപാടി അവതരിപ്പിക്കും. ഈജിപ്തില്‍നിന്നുള്ള ‘റൂഹ് അല്‍ ശാര്‍ഖ്’ ക്വയറിന്റെ കച്ചേരി, തെക്കന്‍ ഇറ്റലിയില്‍ നിന്നുള്ള പരമ്പരാഗത സംഗീതജ്ഞരുടെ പരിപാടി, ബഹ്റൈനിലെ ഫ്രഞ്ച് എംബസിയുമായി സഹകരിച്ച് ഫ്രഞ്ച് മെസോ-സോപ്രാനോ എലിനോര്‍ മോറലിന്റെ പ്രകടനം, ഗ്രാമി ജേതാവായ പാകിസ്താന് കലാകാരന് അരൂജ് അഫ്താബിന്റെ കച്ചേരി എന്നിവ നടക്കും.
ഫെബ്രുവരി ഏഴിന് ഖാലിദ് അബ്ദുല്‍ റഹ്മാന്, അയിദ് യൂസുഫ്, ഡെച്ച് വയലിനിസ്റ്റ് ആന്‍ഡ്രെ റിയു എന്നിവരുടെ പരിപാടി നടക്കും. വിവിധ സാംസ്കാരിക പരിപാടികളും കവിത സായാഹ്നങ്ങള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍ എന്നിവയും പട്ടികയിലുണ്ട്. ബിയോണ് അല്‍ ഡാന ആംഫി തിയറ്റര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡാമിയന്‍ ബുഷ്, ബിയോണ് അല്‍ ഡാന ആംഫി തിയറ്റര്‍ ഡെപ്യൂട്ടി സി.ഇ.ഒ മുഹമ്മദ് അല്‍ അന്‍സാരി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.