ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സ്ഥാനാരോഹണ ചടങ്ങും അവാർഡ് നൈറ്റും 17ന്
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ (എസ്.എൻ.സി.എസ്) 2022-2023 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും അവാർഡ് ദാനവും സംഗീതനിശയും 17ന് വൈകീട്ട് അഞ്ചു മുതൽ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ‘ഗുരുദീപം 2023’ എന്ന പേരിൽ നടക്കും. വൈകീട്ട് 5.30 മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഏഴ് ഏരിയ യൂനിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ഫ്ലോട്ടുകളുടെയും കലാരൂപങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ വർണാഭമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. 108 പേർ ചേർന്നുള്ള ദൈവദശക ആലാപനവും എസ്.എൻ.സി.എസിലെ യുവകലാകാരികൾ അവതരിപ്പിക്കുന്ന നൃത്തവും വേദിയിൽ അരങ്ങേറും.തുടർന്ന് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങിൽ ശിവഗിരി മഠം ധർമസംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, അടൂർ പ്രകാശ് എം.പി, മുൻ എം.എൽ.എ കെ.എൻ.എ. ഖാദർ, ബി.കെ.ജി ഹോൾഡിങ് ചെയർമാനും എം.ഡിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ പൊതുസമൂഹത്തിനു നൽകുന്ന മികച്ച സംഭാവനകളെ മാനിച്ച് മെഗാമാർട്ട് സൂപ്പർമാർക്കറ്റിന് ‘ഗുരുസ്മൃതി’ അവാർഡും ആതുരസേവന രംഗത്ത് അൽ ഹിലാൽ ഹോസ്പിറ്റൽ നൽകുന്ന മികവുറ്റ പ്രവർത്തനങ്ങൾക്ക് ‘ഗുരുസാന്ത്വനം’ അവാർഡും സമ്മാനിക്കും.യുവ ബിസിനസ് സംരംഭകന് നൽകുന്ന ‘ഗുരുസമക്ഷം’ അവാർഡ് മാസ്റ്റർ കാർഡ് കൺട്രി ഹെഡ് വിഷ്ണു പിള്ളക്കും മികച്ച സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫ്രാൻസിസ് കൈതാരത്തിന് ‘ഗുരുസേവ’ അവാർഡും കർണാടക സർക്കാറിന്റെ, മാനവസേവയെ മുൻനിർത്തി ആദരിക്കപ്പെട്ട രാജ്കുമാർ ഭാസ്കറിന് ‘ഗുരു കൃപ’ അവാർഡും സമ്മാനിക്കും. പിന്നണി ഗായിക രഞ്ജിനി ജോസും ശ്യാം ലാലും നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 18ന് വൈകീട്ട് 7.30 മുതൽ സെഗയായിലെ കെ.സി.എ ഹാളിൽ സച്ചിദാനന്ദ സ്വാമികൾ, മുൻ നിയമസഭാംഗം കെ.എൻ.എ. ഖാദർ, ബഹ്റൈൻ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. പോൾ മാത്യു എന്നിവർ പങ്കെടുക്കുന്ന മതസൗഹാർദ സമ്മേളനം നടക്കും. വാർത്തസമ്മേളനത്തിൽ എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, ട്രഷറർ ഗോകുൽ, മെംബർഷിപ് സെക്രട്ടറി ഷൈൻ ചെല്ലപ്പൻ, കൾച്ചറൽ സെക്രട്ടറി കൃഷ്ണകുമാർ, മീഡിയ കമ്മിറ്റി അംഗം കെ. അജിത് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. വിവരങ്ങൾക്ക് സുനീഷ് സുശീലൻ (36674149), വി.ആർ. സജീവൻ (39824914).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.