ബഹ്റൈനിൽ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കും
text_fieldsമനാമ: വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഉചിത നടപടി കൈക്കൊള്ളാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില വർധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മാർക്കറ്റുകളിൽ പരിശോധന ശക്തമാക്കാനും നിർദേശം നൽകി. ഓഫർ നൽകുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് മൂന്നു മാസത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചു. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന വ്യവസായിക ഭൂമികൾക്കുള്ള ഫീസ് മൂന്നു മാസത്തേക്ക് മരവിപ്പിക്കാനും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വിലക്കയറ്റ അലവൻസ് ഒരു മാസം അധികം നൽകാനും യോഗം തീരുമാനിച്ചു.
ബഹ്റൈൻ-ജോർഡൻ സംയുക്ത ഉന്നതാധികാര സമിതി തീരുമാനങ്ങളെ സംബന്ധിച്ച് യോഗത്തിൽ വിശദീകരിച്ചു. ജോർഡൻ പ്രധാനമന്ത്രി ഡോ. ബഷർ ഹാനിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘവുമാണ് സംയുക്ത ഉന്നതാധികാര സമിതിയിൽ പങ്കെടുത്തത്. വിവിധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുമുള്ള തീരുമാനത്തെ കാബിനറ്റ് അഭിനന്ദിച്ചു.
ഫെബ്രുവരി രണ്ടിന് കായിക ദിനാചരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുഴുവൻ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും പകുതി ജോലി സമയം കായിക പരിപാടികൾക്കായി മാറ്റിവെക്കാനാണ് തീരുമാനം. മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രവർത്തന മികവിനുള്ള അവാർഡ് കരസ്ഥമാക്കിയ മന്ത്രാലയങ്ങളെ കാബിനറ്റ് ശ്ലാഘിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവക്കാണ് അറബ് സർക്കാർ അവാർഡ് ലഭിച്ചത്.
സർക്കാർ പദ്ധതികളുടെ ഏകോപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി. മഴ കാരണം വൈദ്യുതി തടസ്സമുണ്ടായ ഇടങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തിയ വൈദ്യുതി, ജല മന്ത്രാലയത്തിന്റെയും വെള്ളക്കെട്ട് ഒഴിവാക്കാൻ നീക്കങ്ങൾ നടത്തിയ മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന്റെയും പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും പ്രവർത്തനങ്ങളിൽ യോഗം മതിപ്പ് രേഖപ്പെടുത്തി.
ഹെൽത്ത് ഇൻഷുറൻസ് നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ നിർണയിക്കുന്നതിനുള്ള ബിൽ സഭയിൽ അവതരിപ്പിച്ചു. പൊതു ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ബിൽ മുനിസിപ്പൽ, കാർഷിക മന്ത്രി അവതരിപ്പിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.