താമസം പവിഴദ്വീപിലേക്ക് മാറ്റാൻ സ്റ്റീവൻ ജെറാഡ്
text_fieldsമനാമ: ഇതിഹാസ ഫുട്ബാൾ താരം സ്റ്റീവൻ ജെറാഡും കുടുംബവും ബഹ്റൈനിൽ താമസമാക്കാനൊരുങ്ങുന്നു. സൗദി പ്രോ ലീഗ് ടീമായ അൽ ഇത്തിഫാക്കിന്റെ പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾ പുറത്തുവരുമ്പോൾ തന്നെയാണ് ഇംഗ്ലീഷ് ലീഗിലെ പ്രമുഖ താരമായിരുന്ന ജെറാഡ് താമസത്തിന് ബഹ്റൈൻ തിരഞ്ഞെടുക്കുന്നത്. സാറിലെ സെന്റ് ക്രിസ്റ്റഫർ സ്കൂളിൽ ഇളയ മക്കളായ ലൂർദ്ദിനെയും ലിയോയെയും ചേർക്കാനാണ് ജെറാഡ് ലക്ഷ്യമിടുന്നത്.
സ്കൂളിലെ സുരക്ഷ ജീവനക്കാരനോടൊപ്പമെടുത്ത ജെറാർഡിന്റെ ഫോട്ടോ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്. ബഹ്റൈനിൽ അദ്ദേഹം വില്ല അന്വേഷിക്കുകയാണെന്ന് പ്രാദേശികപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. കോസ് വേ വഴി എളുപ്പത്തിൽ സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാൻ സാധിക്കുമെന്നതും ബഹ്റൈൻ ടൂറിസ്റ്റ് ലക്ഷ്യസ്ഥാനമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നതും താരങ്ങളെ ഇങ്ങോട്ടാകർഷിക്കുന്ന ഘടകമാണ്.
43കാരനായ മുൻ ലിവർപൂൾ ക്യാപ്റ്റൻ, ആസ്റ്റൺ വില്ല ക്ലബിന്റെ പരിശീലകനായി തുടരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആസ്റ്റൺ വില്ലയുടെ പരിശീലക സ്ഥാനം അദ്ദേഹം ഉപേക്ഷിച്ചിരുന്നു. മുൻ മോഡലായ അലക്സ് കുറനാണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് മൂത്ത പെൺമക്കൾ കൂടിയുണ്ട്- ലില്ലിയും ലെക്സിയും. 10.8 ദശലക്ഷം ഇൻസ്റ്റഗ്രാം ഫോളോവേഴ്സാണ് താരത്തിനുള്ളത്. പരിശീലകനാകാനുള്ള അൽ ഇത്തിഫാക്കിന്റെ ഓഫർ ജെറാർഡ് പരിഗണിക്കുകയാണെന്ന് റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അൽ നാസർ ക്ലബും കരിം ബെൻസെമയുമായി അൽ ഇത്തിഹാദും കരാർ ഒപ്പിട്ടതിനുശേഷമാണ് ലിവർപൂൾ ഇതിഹാസം ജെറാർഡിനെ പരിശീലകസ്ഥാനത്ത് സൗദിയിലെത്തിക്കാനുള്ള ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.