ബഹ്റൈനിൽ വീണ്ടും സ്റ്റിങ് ഓപറേഷൻ; മയക്കുമരുന്നുമായി നാല് ഏഷ്യക്കാർ പിടിയിൽ
text_fieldsമനാമ: മയക്കുമരുന്ന് വിപണനത്തിനെതിരായ ഊർജിത നടപടികളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ സ്റ്റിങ് ഓപറേഷനിൽ നാല് ഏഷ്യക്കാർ പിടിയിലായി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റിങ് ഓപറേഷൻ. ഇതേത്തുടർന്ന് മയക്കു മരുന്നിടപാടുകാരനുമായി ബന്ധം സ്ഥാപിക്കാൻ വിവരം നൽകിയയാളോട് പൊലീസ് നിർദേശിച്ചു.
35 വയസ്സുള്ള തൊഴിലാളിയായിരുന്നു ഇടപാടുകാരൻ. 30 ദീനാറിന് ഹെറോയിൻ ലഭിക്കുമെന്ന് അയാൾ പറഞ്ഞതനുസരിച്ച് വാങ്ങാമെന്ന് പൊലീസിന്റെ നിർദേശപ്രകാരം സമ്മതിക്കുകയും ഒരു സ്ഥലത്തുവെച്ച് കാണാമെന്ന് പറയുകയും ചെയ്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വിവരദാതാവ് ഇടപാടുകാരനെ കണ്ടു. തുക കൈമാറിയപ്പോൾ ഇടപാടുകാരൻ, രണ്ടാം പ്രതിയായ 24 കാരനെയും മൂന്നാം പ്രതി 26 കാരനെയും കൂട്ടി മടങ്ങിയെത്തി.
രണ്ടാം പ്രതി ഹെറോയിൻ വിവരദാതാവിന് കൈമാറി. ഉടൻ തന്നെ പ്രതികളെ പൊലീസ് പിടികൂടി. പണവും മയക്കുമരുന്നും ഇവരിൽനിന്ന് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് പൊലീസ് മൂന്നാം പ്രതിയുടെ വസതി പരിശോധിച്ചു.
നാലാം പ്രതിയായ സ്ത്രീയെ അവിടെ മയക്കുമരുന്ന് ഉപയോഗിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വനിത പൊലീസ് ഉദ്യോഗസ്ഥരെത്തി അവരെ പിടികൂടി. ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്നും മയക്കുമരുന്ന് വിറ്റ് കിട്ടിയ പ്രാദേശിക, വിദേശ കറൻസികളും, മെഡിക്കൽ സിറിഞ്ചുകളും കണ്ടെടുത്തു. നാല് പ്രതികളും ഒരു സംഘത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി.
പ്രതികളുടെ ഫോൺ സംഭാഷണം പരിശോധിച്ചപ്പോൾ മയക്കുമരുന്ന് വിൽപന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചു. കേസ് ഈ മാസം 27ന് ഹൈ ക്രിമിനൽ കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.