രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ അവസാനിപ്പിക്കണം -ഹമദ് രാജാവ്
text_fieldsമനാമ: രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് അവസാനിപ്പിക്കാൻ നടപടി വേണമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന സുരക്ഷ, വികസന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളുടെയും തത്ത്വങ്ങളുടെയും ലംഘനമാണ് ഇതെന്നും ഇതിനെതിരെ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡിലീസ്റ്റിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ആഴമേറിയതും സന്തുലിതവുമായ മാർഗങ്ങളാണ് ആവശ്യം. അന്താരാഷ്ട്ര തലത്തിലെ അതിപ്രധാന മേഖലയായ മിഡിലീസ്റ്റ് രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക കാരണങ്ങളാൽ വർഷങ്ങളോളം പ്രയാസം അനുഭവിച്ചുവരുകയാണ്. നിലവിലെ വെല്ലുവിളികൾ തരണം ചെയ്യാൻ ശ്രദ്ധാപൂർവമായ സമീപനം ആവശ്യമാണ്.
ഫലസ്തീൻ വിഷയമാണ് മേഖല നേരിടുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം. ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഫലസ്തീൻ ജനതക്ക് സുസ്ഥിരമായ സാമ്പത്തികാവസരങ്ങൾ തുറന്നുനൽകുന്നതിലൂടെയുമാണ് ഇതിന് പരിഹാരം കാണാൻ കഴിയുക.
യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാൻ കഴിയണമെന്നും ആ രാജ്യത്തെ ജനങ്ങൾക്ക് മാനുഷിക, വികസന സഹായങ്ങൾ എത്തിച്ചുനൽകുന്നത് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഡിലീസ്റ്റിനെ കൂട്ട നശീകരണായുധങ്ങളിൽനിന്ന് വിമുക്തമാക്കാനും ഭീകരവാദത്തെയും തീവ്രവാദ ആശയങ്ങളെയും നിരോധിത സംഘടനകളെയും നേരിടാനും കൂട്ടായ പരിശ്രമം ആവശ്യമാണ്. ഹോർമുസ് കടലിടുക്കിലൂടെയും ബാബുൽ മൻദേപിലൂടെയുമുള്ള എണ്ണ വിതരണവും അന്താരാഷ്ട്ര വ്യാപാരവും സംരക്ഷിക്കുന്ന സംയുക്ത നാവികസേനയുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോള ഊർജ വില സ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം വിഷമമനുഭവിക്കുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ധാന്യം, ഗോതമ്പ്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.