കഥ: അച്ഛൻ
text_fieldsഅച്ഛന്റെ മടിത്തട്ടിൽ കിടത്തി സ്നേഹലാളനയോടെ മുടിയിഴകളിൽ തലോടുമ്പോഴും കണ്ണുനീർ ചാലുകൾ കീറി അമ്മയോടൊത്തുള്ള പോയകാല ജീവിതത്തെക്കുറിച്ച് ഓർത്തെടുക്കുകയായിരുന്നു അച്ഛൻ. കെട്ടുപോയ വിളക്കിന്റെ തെളിച്ചക്കുറവ് അറിയിക്കാതെ ഞങ്ങൾക്കുവേണ്ടി ജീവിക്കുകയായിരുന്നു അച്ഛൻ. പല രാത്രികളിലും അമ്മയില്ലാത്ത ജീവിതത്തിൽ നഷ്ടബോധങ്ങളുടെ വേദനയാൽ മിഴികൾ നിറയുമ്പോഴും ഒന്നുമറിയാത്ത അനുജനെ നെഞ്ചിൽ ചേർത്തുപിടിച്ച് താരാട്ടുപാടി ഉറക്കാറുണ്ടായിരുന്നു പകലന്തിയോളം പണി ചെയ്തുവരുന്ന അച്ഛൻ.
സന്ധ്യാനാമം ചൊല്ലാൻ ഞങ്ങളോട് പറയുമ്പോഴും അമ്മയെ അടക്കം ചെയ്ത മണ്ണിൽ ചേർന്ന് ഇരുന്ന് നെഞ്ചിലെ സങ്കടങ്ങൾ ഒഴുക്കിവിടുന്നത് കാണാമായിരുന്നു. മച്ചൂട്ട് കാവിലെ ഉത്സവനാളിൽ അനുജന് കൂട്ടിനിരുത്തി ചങ്ങാതിയോടൊത്ത് പോയതാണ് അച്ഛൻ. ഒരിക്കലും ഞങ്ങളെ തനിച്ചാക്കി അകലുവാനാകില്ലെന്നുമറിയാം. നാളുകൾ കഴിഞ്ഞിട്ടും തിരികെ വരുന്നതും കാത്തിരിക്കയാണ് ഞാൻ. കൊച്ഛനുജനെ ചേർത്തുനിർത്തി ഒരു വിളിക്കായ് കാത്തിരിക്കയാണ്. കൂടെയുണ്ടായിരുന്ന ചങ്ങാതി തിരികെ വന്നെങ്കിലും എന്തേ അച്ഛൻ വരാതിരുന്നത്. സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കി അച്ഛന്റെ വരവിനെ പ്രതീക്ഷിച്ചിരിക്കയാണ് തിരികെ വരുന്ന കാൽ ശബ്ദം കേൾക്കാൻ. സ്നേഹം തുളുമ്പും മാറിൽ ചാഞ്ഞുകിടന്ന് കൈകളെ ചേർത്തുപിടിച്ചുറങ്ങാൻ കഥകൾ കേട്ടും ശ്വസനങ്ങൾ കേട്ടും കൂടെ നടക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ അമ്മയുടെ ചിതയിലെരിഞ്ഞടങ്ങിയത് അച്ഛന്റെ സ്വപ്നങ്ങളായിരുന്നെന്നറിയാം. അമ്മയുടെ ഓർമകൾക്കുമുന്നിൽ എന്നും തിരികൊളുത്തി കൈകൾ കൂപ്പി അച്ഛൻ മൗനമായ് നിൽക്കുമ്പോഴും മിഴികൾ നിറയുന്നതും, ചിന്തകളിലെ രോഷാഗ്നി മുഖഭാവങ്ങളിൽ മിന്നിമറയുന്നതും ഞാൻ കണ്ടിരുന്നു.സ്വന്തം ദു:ഖങ്ങളിൽ നിന്നും മോക്ഷം തേടി ജീവിതത്തിൽ നിന്നും യാത്രയായോ. അച്ഛന് അതിനും കഴിയില്ലെന്നറിയാം.
മനസ്സ് ഇപ്പോഴും മന്ത്രിക്കുന്നു,ദൂരെ എവിടെയോ മരണമെത്താതൊരിടത്ത് അച്ഛൻ ഉണ്ടായിരിക്കുമെന്ന്. അകന്നുപോയതു മുതൽ ഇന്നോളം തിരയുകയാണ് ആൾക്കൂട്ടങ്ങളിലും ഗ്രാമങ്ങളിലും തെരുവോരങ്ങളിലുമെല്ലാം. അച്ഛൻ വരാതിരുന്ന് മൂന്നാം നാൾ അച്ഛന്റെ ചങ്ങാതി മരണത്തെ വാരിപ്പുണർന്നിട്ടും ഒരുനോക്കു കാണാൻ വരാഞ്ഞതെന്തേ. ആരോ അപഹരിച്ചതാണ് ആ ജീവൻ എന്നറിഞ്ഞിരുന്നില്ലേ എന്റെ അച്ഛൻ. പരിചിതരും അപരിചിതരും വന്നുപോയിട്ടും അച്ഛനെ മാത്രം കണ്ടില്ല. ഇരവും പകലും ഒന്നാകുന്ന ഈ സന്ധ്യയിലും കാത്തിരിക്കയാണ് ഞങ്ങളെന്നും അച്ഛനെ. ഞങ്ങളുടെ കണ്ണുനീർ തുടച്ച് ആ കൈകളിൽ ചേർത്തുപിടിക്കാൻ വരില്ലേ ഒരു നേരമെങ്കിലും .!അച്ഛൻ ചാർത്തിയ താലിച്ചരട് അമ്മയുടെ ചിത്രത്തിനരികിൽ സൂക്ഷിക്കുമ്പോഴും ഒത്തിരി ചോദ്യങ്ങളുമായ് മിഴികളിൽ നിറഞ്ഞുനിൽക്കുമ്പോൾ തിരമാലകളെ പോലെ മനസ്സിൽ ഉയർന്നു പൊങ്ങുന്ന ഒരു ചോദ്യമുണ്ട്. ഞങ്ങളിൽ നിന്നും അകന്നതെന്തിനാണ് അച്ഛൻ. മഞ്ഞുകണം പോലെ മനസ്സ് തണുത്തു ശാന്തമാകുമ്പോൾ തോന്നും ശിവരാത്രിയിൽ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടുവാൻ ബലി തർപ്പണം ചെയ്യണമെന്ന്.
സൂക്ഷിച്ചു വെച്ച ഓരോ നാണയങ്ങളും എണ്ണി തിട്ടപ്പെടുത്തി ഒരു ശിവരാത്രി നാളിൽ അനുജനുമായി ആലുവ മണൽ തട്ടിലേക്ക് യാത്രയായി. നേർത്ത ശുഭ്രവസ്ത്രം ധരിച്ച് പുഴയിൽ മുങ്ങിക്കുളിച്ച് ബലിതർപ്പണ ശീട്ടു വാങ്ങാൻ നിന്നു. ബലിതർപ്പണം ഏറ്റുവാങ്ങിയ നേരം എവിടെയോ ഒരു തേങ്ങലായ് അമ്മയുടെ ഓർമകൾ മനസ്സിൽ കനലായ് മാറി. ഇനി എന്ത് ചെയ്യണമെന്നറിയാതെ ആകാംക്ഷയോടെ ഞാൻ മറ്റുള്ളവരിലേക്ക് നോക്കിയപ്പോൾ മുഖത്ത് വളർന്നു തൂങ്ങിയ താടിയും വലതുകണ്ണിന്റെ പുരികക്കൊടിയുടെ മുകളിലുള്ള കറുത്ത മറുകുമുള്ള ഒരാൾ. വിശ്വസിക്കാനാകാതെ ഞാൻ ഒരു നിമിഷം നോക്കിനിന്നു. ഒരു വർഷമായി അന്വേഷിച്ചു നടന്നിരുന്ന മുഖം. രക്തസിരകളിൽ മർമരം ഉയർത്തിയ നിമിഷം. ഒരു കരസ്പർശനം പതിഞ്ഞ നേരം ഞാൻ തിരിച്ചറിഞ്ഞു, അച്ഛൻ. ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ. അച്ഛന്റെ കരവലയത്തിലേക്ക് ഒതുങ്ങുമ്പോഴും മധുരിക്കുന്ന നോവായ് മനസ്സ് മൗനമായ് തേങ്ങുകയായിരുന്നു. ജീവിതത്തിന്റെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എത്തിയതുപോലെ തോന്നി. ബലിതർപ്പണം ചെയ്യേണ്ട നേരം അച്ഛന്റെ കൈകളിൽ അനുജനെ നൽകി അമ്മയുടെ മോക്ഷപ്രാപ്തിക്കുവേണ്ടി ദർഭ പ്പുല്ലും പൂവും അരിയുമായി മന്ത്രോച്ചാരണം ഏറ്റുചൊല്ലി.
മൂന്നുവട്ടം പുഴയുടെ മടിത്തട്ടിൽ മുങ്ങി ഉയർന്നപ്പോൾ സംശുദ്ധ പൊക്കിൾകൊടിയുടെ നൊമ്പരങ്ങളറിഞ്ഞു. അമ്മയുടെ ആത്മാവിന് മോക്ഷപ്രാപ്തി കിട്ടിയതിലുള്ള ചെറിയ സന്തോഷവുമായി അനുജന്റെ കൈപിടിച്ച് അച്ഛനോടൊപ്പം തിരക്കൊഴിഞ്ഞ സ്ഥലവും തേടി പാലവും കടന്ന് ശ്രീനാരായണ ഗുരുദേവന്റെ അമ്പലനടയിലേക്ക് യാത്രയായി. വിശാലമായ അമ്പലപ്പറമ്പിന്റെ തിരക്കൊഴിഞ്ഞ സ്ഥലത്ത് ഞങ്ങൾ അച്ഛന്റെ ഇരുവശവുമായി ചേർന്നിരുന്നു. തീക്ഷ്ണതയില്ലാത്ത നിർവികാരതയുടെ മുഖമായിരുന്നു അച്ഛനിൽ കണ്ടത്. ചൂടുപറക്കുന്ന കട്ടൻ ചായ കുടിക്കുമ്പോഴും നാട്ടുവിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവെക്കുകയായിരുന്നു. അപ്പോഴും മനസ്സിനുള്ളിൽ എന്തിനുവേണ്ടി തനിച്ചാക്കി പോയി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. എന്റെ വാക്കുകൾ അച്ഛന്റെ ആത്മാവിൽ വീണ്ടും കനലായി എരിയുമെങ്കിൽ വേണ്ട. ഇനിയും അച്ഛനെ വേദനിപ്പിക്കാൻ എനിക്കാവില്ല. അപ്പോഴും. വികാരമായ ആർദ്രഭാവത്താൽ അച്ഛന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. കൂടെ നടന്ന ചങ്ങാതിയുടെ വഞ്ചനയുടെ കഥ മക്കളുമായി പങ്കുവെക്കാനാകില്ലായിരുന്നു. പച്ചമാംസത്തിനുവേണ്ടി അമ്മയെ കൊന്നവനോടുള്ള പകതീർത്ത കണക്കും എന്റെ മനസ്സിനുള്ളിൽ എരിഞ്ഞടങ്ങട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.