കാഫ്കയുടെ പാവ
text_fieldsനോവലിസ്റ്റും ചെറുകഥാകൃത്തുമായ ഫ്രാൻസ് കാഫ്കയുടെ ജന്മദിനമായിരുന്നു ജൂലൈ മൂന്ന്. 41ാം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം
"എന്താ മോളേ, എന്തുപറ്റി?’’
താൻ ബർലിനിലായിരുന്നപ്പോൾ വൈകുന്നേരം നടക്കാനിറങ്ങുന്ന പാർക്കിന്റെ നടവഴിയിൽ ഒരുദിവസം ഒരു കൊച്ചുകുട്ടിയിരുന്നു കരയുന്നതു കണ്ടപ്പോൾ ഫ്രാൻസ് കാഫ്ക ചോദിച്ചതാണ്. കാര്യം, ആ കുട്ടി കൂടെക്കൂട്ടി കളിച്ചുകൊണ്ടിരുന്ന അവളുടെ പാവ അവിടെവിടെയോ നഷ്ടപ്പെട്ടു. അവൾക്ക് അത്രക്കും ഇഷ്ടമായ ആ പാവയെ അവൾ അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ആ സങ്കടത്തിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെയാണ് കാഫ്ക കണ്ടത്.
കാഫ്കയും കൂടെ കൂടി. സന്ധ്യ വരെ അവിടെയൊക്കെ അന്വേഷിച്ചുവെങ്കിലും അവർക്ക് ആ പാവ കണ്ടെത്താനായില്ല. പിറ്റേന്ന് നടക്കാൻ വരുമ്പോൾ കുട്ടിയുടെ കൂടെ വീണ്ടും പാവയെ തിരയാം എന്ന ഉറപ്പിൽ കുട്ടിയെ സാന്ത്വനിപ്പിച്ച് വീട്ടിലേക്കു പറഞ്ഞയച്ചു, കാഫ്ക. അതീവ സങ്കടത്തോടെ കുട്ടി വീട്ടിലേക്കു പോയി.
പിറ്റേന്നും അവർ പാർക്കിൽ കണ്ടുമുട്ടി. ചോദിച്ചും പറഞ്ഞും അപ്പോഴേക്കും അവർ തമ്മിൽ വലിയ കൂട്ടായി. ആ പാവ അവൾക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നും താനെന്തു പറഞ്ഞാലും അവളകപ്പെട്ട സങ്കടക്കടലിൽനിന്നും മുക്തയാക്കാനാവില്ലെന്നും ബോധ്യപ്പെട്ട അദ്ദേഹം അടുത്ത ദിവസവും പാർക്കിൽ വെച്ച് അവളെ സന്ധിച്ചു. ഇത്തവണ കണ്ടപ്പോൾ അദ്ദേഹം അവളോടു പറഞ്ഞു: ‘‘നീയിനി സങ്കടപ്പെടേണ്ട.
നിന്റെ പാവ നഷ്ടപ്പെട്ടിട്ടില്ല.’’ വിശ്വാസം വരാതെ നോക്കിയ കുട്ടിയോട് അദ്ദേഹം തുടർന്നു: ‘‘നിന്റെ പാവ അയച്ച ഒരു കത്ത് എനിക്ക് കിട്ടി.’’ പോക്കറ്റിൽനിന്ന് ഒരു കത്തെടുത്ത് അദ്ദേഹം അവളെ വായിച്ചു കേൾപ്പിച്ചു. അതിൽ, കുട്ടി സങ്കടപ്പെടേണ്ടെന്നും താൻ ഒരു യാത്ര പുറപ്പെട്ടിരിക്കുകയാണെന്നും പല സ്ഥലങ്ങളും കാഴ്ചകളും കാണാനുണ്ടെന്നും വിശേഷങ്ങളൊക്കെ വിശദമായി അറിയിക്കാമെന്നും യാത്ര മതിയാക്കി തിരിച്ചുവരുമ്പോൾ കാണാമെന്നും എഴുതിയിരുന്നു.
പാവയെ കാണാനാവാത്തതിൽ സങ്കടമുണ്ടെങ്കിലും കത്തിലൂടെ ബന്ധപ്പെടുന്നതും തിരിച്ചുവരുമെന്നു പറഞ്ഞതും ആശ്വാസമേകി. പലപല സ്ഥലങ്ങളിലൂടെയുള്ള യാത്ര എന്ന ആശയം അവളിൽ കൗതുകമുണർത്തി. തുടർന്നുള്ള ദിവസങ്ങളിലെല്ലാം പാവയുടെ കത്തുമായാണ് കാഫ്ക അവളെ കണ്ടത്. പുതിയ പുതിയ സ്ഥലങ്ങൾ, അവിടത്തെ കാഴ്ചകൾ, വ്യത്യസ്തരായ ആളുകൾ, അവരുടെ രീതികൾ, അങ്ങനെ വളരെ വിശാലമായ ലോകത്തിന്റെ ഒരു രേഖാചിത്രം വരച്ചിടുന്നതായിരുന്നു, ഓരോ ദിവസത്തെയും കത്തുകൾ.
ഓരോ കത്തും അവളുടെ ജിജ്ഞാസയെ കൂടുതൽക്കൂടുതൽ ഉണർത്തി. അവളുടെ ലോകം വിശാലമാവുകയായിരുന്നു. വ്യത്യസ്തവും പ്രത്യേകതകൾ നിറഞ്ഞതുമായ ഭൂസ്ഥലികൾ, ജനതതികൾ. അവരുടെ സംസ്കാരം, സ്വപ്നം, വിരഹം, പ്രതീക്ഷ അങ്ങനെ ആ കത്തുകളിലൂടെ അവളും പാവയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. ഏതാണ്ടൊരു വർഷം ആയപ്പോൾ തനിക്ക് പ്രാഗിലേക്ക് തിരിച്ചുപോകേണ്ട അടിയന്തര ഘട്ടം വന്നപ്പോൾ, ഒരു ദിവസം കാഫ്ക ഒരു പാവയും വാങ്ങിയാണ് കുട്ടിയുടെ അടുത്തെത്തിയത്.
പാവ യാത്ര മതിയാക്കി തിരിച്ചുവന്നുവെന്ന് പറഞ്ഞ് ആ പാവ അവൾക്കു കൊടുത്തു. പക്ഷേ, അവൾ ആ പാവ തിരിച്ചും മറിച്ചും നോക്കിയിട്ടു പറഞ്ഞു: ‘‘ഇതല്ല എന്റെ പാവ; എന്റെ പാവ ഇങ്ങനെയല്ല.’’ അദ്ദേഹം പറഞ്ഞു: ‘‘പാവ തിരിച്ചു വരുന്നതിനു മുമ്പ് എഴുതിയ കത്ത് എനിക്ക് ഇന്നാണ് കിട്ടിയത്.’’ എന്നിട്ട് അത് വായിച്ചുകൊടുത്തു. ‘‘എന്റെ യാത്രകൾ എന്നെ ഒരുപാട് മാറ്റി. നമ്മുടെ ചുറ്റുവട്ടം മാത്രമല്ല നമ്മുടെ ലോകം. നമുക്ക് മാറേണ്ടതും പൊരുത്തപ്പെടേണ്ടതുമായ ഒരുപാടു ഘടകങ്ങൾ ഈ ലോകത്തുണ്ട്.
വിശാലമായ ലോകത്തു കൂടെ കടന്നുപോകുമ്പോൾ നമ്മുടെ വീക്ഷണത്തെ എന്നപോലെ നമ്മുടെ പ്രത്യേകതകളെയും രീതികളെയുമൊക്കെ അത് മാറ്റിമറിക്കും. തമ്മിൽ കാണുമ്പോൾ നിനക്കതു മനസ്സിലാകും.’’
കുട്ടിക്കതു ബോധ്യപ്പെട്ടു. പാവയെയും കെട്ടിപ്പിടിച്ച് കുട്ടി വീട്ടിലേക്കു പോയി. കാഫ്ക പ്രാഗിലെക്കും. അധികം താമസിയാതെ കാഫ്ക പ്രാഗിൽ മരണപ്പെട്ടു.
കാലമേറെക്കഴിഞ്ഞു. കുട്ടി വളർന്ന് പ്രൗഢയുവതിയായിരിക്കുന്നു. കുട്ടിയായിരുന്നപ്പോഴുണ്ടായിരുന്ന കൗതുകം പാവയോട് പിന്നീടില്ലാതായെങ്കിലും അവളുടെ മനസ്സിനെ വിശാലമായ ലോകത്തേക്കുയർത്തിയ ആ പാവയും പാവയുടെ കത്തുകൾ വായിച്ചു നൽകിയ കാഫ്കയും പ്രിയപ്പെട്ടതായിരുന്നതിനാൽ അവളത് സൂക്ഷിച്ചുവെച്ചിരുന്നു. ഇതിനോടകം അവളും അറിവുകളുടെ, അനുഭവങ്ങളുടെ പ്രവിശാലതകൾ താണ്ടിയിരുന്നു.
അടുത്തിടെ ആ പാവയെടുത്തു നോക്കുമ്പോൾ, അടർന്നുതുടങ്ങിയ ഭാഗങ്ങൾക്കിടയിൽനിന്നും കാഫ്കയുടെ ഒപ്പോടുകൂടിയ ഒരു കത്ത് അവൾക്കു കണ്ടെത്താനായി. ഒരു ദീർഘനിശ്വാസത്തോടെ അവൾ അതു വായിച്ചു: ‘‘നീ സ്നേഹിക്കുന്നതെന്തും ഒരുപക്ഷേ ഒരിക്കൽ നിനക്കു നഷ്ടപ്പെട്ടേക്കാം. എന്നിരുന്നാലും പിന്നീടൊരിക്കൽ ആ സ്നേഹം മറ്റൊരു രൂപത്തിൽ നിന്നിലേക്ക് തിരിച്ചുവരും.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.