തൊഴിൽ നിയമലംഘനത്തിനെതിരെ നടപടി കർശനമാക്കുന്നു
text_fieldsമനാമ: വിസിറ്റ് വിസയിൽ വന്നശേഷം ജോലിയിൽ പ്രവേശിക്കുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കർശനനടപടികളുമായി മുന്നോട്ടുപോകുമെന്ന് ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) അണ്ടർ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരക്കണക്കിന് റെസിഡൻസി നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.പി.ആർ.എയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എൽ.എം.ആർ.എ) പരിശോധനകൾ ശക്തമാക്കിയതിനെ തുടർന്നാണിവ കണ്ടെത്തിയത്. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയാനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിസിറ്റ് വിസ, സ്പോൺസർ ഇല്ലാതെ തൊഴിൽ വിസയോ ആശ്രിത വിസയോ ആക്കി മാറ്റാൻ കഴിയാത്ത തരത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ നിയമം നിലവിൽ വന്നിരുന്നു. സ്പോൺസറില്ലാത്ത വിസിറ്റ് വിസകൾ തൊഴിൽ വിസയാക്കി മാറ്റാനാവില്ല.സ്പോൺസറുള്ള വിസിറ്റ് വിസകൾ 250 ദീനാറടച്ച് തൊഴിൽ അല്ലെങ്കിൽ ആശ്രിത വിസയിലേക്ക് മാറ്റാവുന്നതാണ്. മുമ്പ് ഇത് 60 ദീനാറായിരുന്നു. വിസിറ്റ് വിസ സ്പോൺസർ ചെയ്യുന്നയാൾ തന്നെയായിരിക്കണം തൊഴിൽവിസ സ്പോൺസറുമെന്ന നിബന്ധനയുണ്ട്.പൗരന്മാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ.
വിസിറ്റ് വിസ കൈമാറ്റം ചെയ്യാനാകില്ലെന്നും ബഹ്റൈനിൽ ജോലി ലഭിക്കണമെങ്കിൽ ഒരു കമ്പനി നൽകിയ ശരിയായ വർക്ക് പെർമിറ്റ് നൽകണമെന്നും വിസിറ്റ് വിസയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വർഷം 47,023 പരിശോധനകളാണ് എൽ.എം.ആർ.എ നടത്തിയത്.
4,232 നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തി. നിയമനടപടികൾക്ക് ശേഷം 5,477 വ്യക്തികളെ നാടുകടത്തി. ഈ വർഷം ഇതുവരെ 1,254 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. 1,781 ക്രമരഹിത തൊഴിലാളികളെ നാടുകടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.