ശക്തമായ കാറ്റും മഴയും; പ്രധാന റോഡുകളിൽ ഗതാഗത തടസ്സം
text_fieldsമനാമ: ബഹ്റൈനിലെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റും മിന്നലോടുകൂടിയ കനത്ത മഴയും. വ്യാഴാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയില്‍ റോഡുകളില്‍ പലയിടത്തും വെള്ളം കയറി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മൂടിയിരിക്കുകയാണ്. ഇതോടെ പ്രധാന റോഡുകളിൽ കനത്ത ഗതാഗത തടസ്സമുണ്ടായി. ഉച്ചക്ക് 12 മണി മുതലാണ് മഴ ആരംഭിച്ചത്. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
ശക്തമായ മണൽക്കാറ്റുമുണ്ടായി. തുടർന്ന് ശക്തമായ കാറ്റും മിന്നലോടുകൂടിയ മഴയും ആരംഭിച്ചു. ചില പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി. റോഡിൽ പലസ്ഥലത്തും വെള്ളക്കെട്ടുണ്ടായി. മിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു.
വെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങളിൽ തടസ്സമുണ്ടായതിനെത്തുടർന്ന് ചില പ്രദേശങ്ങളിൽ വീടുകളിലും വെള്ളം കയറി. ബുധനാഴ്ച ഹമദ് ടൗൺ, സിത്ര തുടങ്ങി പല മേഖലകളിലും ചെറിയ മഴ പെയ്തിരുന്നു.
മഴ സമയത്ത് വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലവും വേഗപരിധിയും പാലിക്കണമെന്നും ഡ്രൈവിങ് സമയം ഏറെ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.