സമ്മർ ഡിലൈറ്റ് രണ്ടാം സീസൺ അവധിക്കാല ക്യാമ്പിന് സമാപനം
text_fieldsമനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്റൈനും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ‘സമ്മർ ഡിലൈറ്റ് സീസൺ 2’വിന് നിറഞ്ഞ സദസ്സോടെ സമാപനം.
വ്യത്യസ്ത കലാരൂപങ്ങൾ അണിനിരത്തി മലർവാടി -ടീൻ ഇന്ത്യ കുട്ടികൾ ഒരുക്കിയ കലാജാഥയോടെ പരിപാടിക്ക് തുടക്കം കുറിച്ചു.
ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമായ ഇത്തരം അവധിക്കാല ക്യാമ്പുകൾ കുട്ടികൾക്ക് പരസ്പരം അടുത്തറിയാനും അവരുടെ കഴിവുകളെ തിരിച്ചറിയാനുമുള്ള വേദിയാവുമെന്നും ഇത്തരത്തിലുള്ള പരിപാടികൾ കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രശസ്ത മോട്ടിവേഷൻ ട്രെയ്നർ വൈ. ഇർഷാദ് രക്ഷിതാക്കൾക്കായി ക്ലാസ് എടുത്തു. മാതാപിതാക്കൾ കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്നും അതുപോലെത്തന്നെ നമ്മുടെ രാജ്യം ഇന്ത്യയാണെന്ന ഉത്തമ ബോധ്യത്തോടുകൂടി കുട്ടികളെ വളർത്തേണ്ടതുണ്ടെന്നും അക്കാദമിക കാര്യങ്ങൾക്കപ്പുറം രാജ്യത്ത് നടക്കുന്ന ഓരോ കാര്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.
റംസി അൽത്താഫിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഫ്രന്ഡ്സ് അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് സമീർ ഹസൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതമാശംസിച്ചു.
ക്യാമ്പ് ട്രെയ്നർമാരായ വൈ. ഇർഷാദ്, ഫൈസൽ താമരശ്ശേരി, മുഹമ്മദ് യൂസുഫ് (തൈക്വാൻഡോ), സൈദലവി അമ്പലത്തു വീട്ടിൽ (വൈൽഡ് ഫോട്ടോഗ്രഫി) എന്നിവരെ മെമന്റോ നൽകി ആദരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മെന്റർമാർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ സദസ്സിന് നവ്യാനുഭവമായി.
വനിത വിഭാഗം ആക്ടിങ് പ്രസിഡന്റ് സാജിദ സലീം, ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖ്, ക്യാമ്പ് കൺവീനർ എ.എം. ഷാനവാസ്, മലർവാടി സെക്രട്ടറി ലൂണ ഷെഫീഖ്, ടീൻ ഇന്ത്യ കൺവീനർ ഫാത്തിമ സ്വാലിഹ് എന്നിവർ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ടീൻ ഇന്ത്യ സെക്രട്ടറി അനീസ് വി.കെ. സമാപനം നിർവഹിച്ചു. മെന്റർമാരായ നുസൈബ മൊയ്ദീൻ, ലുലു അബ്ദുൽ ഹഖ്, ഫസീല ഹാരിസ്, റഷീദ ബദ്ർ, നാസ്നീൻ അൽത്താഫ്, നിഷിദ ഫാറൂഖ്, നസീല ഷഫീഖ്, സുആദ ഇബ്രാഹിം, ഹനാൻ ഉബൈദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.