വേനൽക്കാല ഉച്ചവിശ്രമ നിയമം; അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsമനാമ: വേനല്‍ച്ചൂട് പ്രമാണിച്ചുള്ള തൊഴില്‍ നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തുടനീളമുള്ള നിർമാണ സൈറ്റുകളിൽ ഇതുവരെ 6200ലധികം സന്ദർശനങ്ങൾ ലേബർ ഇൻസ്പെക്ടർമാർ നടത്തിയെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഇതുവരെ അഞ്ച് നിയമലംഘനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയതെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. തൊഴില്‍നിയന്ത്രണം സൂര്യാതപം നേരിടുന്ന രീതിയിൽ ഏതു ജോലി ചെയ്യുന്നവർക്കും ബാധകമാണ്.
സൂര്യാഘാതം നേരിട്ടേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെയാണ് നിയന്ത്രണം. ചൂട് വര്‍ധിക്കുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ മൂന്നു മാസത്തിൽ കൂടാത്ത തടവുശിക്ഷയോ, 500 ദീനാര്‍ മുതല്‍ 1,000 ദീനാര്‍വരെ പിഴയോ ചുമത്തും.രണ്ടു ശിക്ഷയും ഒരുമിച്ചും ലഭിക്കും.
2007 മുതൽ ഉച്ചവിശ്രമ നിയമം നിലവിലുണ്ട്.തൊഴിലാളികളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ഉഷ്ണതരംഗങ്ങളും തീവ്രമായ താപനിലയുംകൊണ്ട് ആഗോള കാലാവസ്ഥാ സാഹചര്യം മാറിയ സാഹചര്യത്തിൽ നിയമം കർശനമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
മതിയായ നടപടികൾ കൈക്കൊള്ളാൻ കമ്പനികളോട് വീണ്ടും അഭ്യർഥിക്കുകയാണ്. തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷയും സുരക്ഷയും സംബന്ധിച്ച് പരിശീലനം നൽകണം. തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഒന്നിലധികം ഭാഷകളിലുള്ള മാർഗനിർദേശ ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്തിട്ടുണ്ട്.
വേനൽക്കാല രോഗങ്ങളും അപകടങ്ങളും തടയുന്നതിനാവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി 32265727 എന്ന ഹോട്ട്ലൈൻ ആരംഭിച്ചിട്ടുണ്ട്. നിരോധനം സെപ്റ്റംബർ വരെ നീട്ടണമെന്ന് ട്രേഡ് യൂനിയനുകളും കമ്യൂണിറ്റി ഗ്രൂപ്പുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.