മുൻകരുതൽ പാലിക്കാം; തൊഴിലിടങ്ങൾ സുരക്ഷിതമാക്കാം
text_fieldsമനാമ: തൊഴിലിടങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം നിർദേശിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ എല്ലാ തൊഴിൽസ്ഥലങ്ങളിലും സ്വീകരിക്കണം.
അപകടങ്ങളും പകർച്ചവ്യാധികളും ഒഴിവാക്കി സുരക്ഷിതമായ തൊഴിലിടം ഒരുക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും വൈറസ് വ്യാപനം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ചെറിയ സ്ഥലങ്ങളിൽ തൊഴിലാളികൾ കൂട്ടംകൂടുന്നത് ഒഴിവാക്കുക, സുരക്ഷിതമായ അകലം പാലിക്കാനുള്ള നടപടി സ്വീകരിക്കുക, സാമൂഹിക അകലം പാലിക്കുക, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങൾ തൊഴിലാളികൾക്ക് നൽകുക, തൊഴിൽസ്ഥലങ്ങളിലും കവാടങ്ങളിലും എല്ലാവർക്കും കാണാവുന്നവിധത്തിൽ സാനിറ്റൈസർ സൂക്ഷിക്കുക, തൊഴിലിടങ്ങളിലും തൊഴിലാളികൾക്കുള്ള വാഹനങ്ങളിലും ആളുകളുടെ തിരക്ക് ഒഴിവാക്കുക എന്നീ നടപടികൾ സ്വീകരിക്കണം. കൃത്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് ഇപ്പോഴത്തെ വെല്ലുവിളികളെ അവസരമായി മാറ്റാൻ സാധിക്കണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
ബഹ്റൈനിൽ കോവിഡ് മഹാമാരി തുടങ്ങിയതുമുതൽ േമയ് വരെ വിവിധ തൊഴിലിടങ്ങളിലായി 14,176 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. തൊഴിലാളികളുടെയും രാജ്യത്തിെൻറയും സുരക്ഷ ഉറപ്പുവരുത്തുന്നതിൽ സർക്കാറിനും തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഉത്തരവാദിത്തമുണ്ട്. സാമ്പത്തികവികസനം സാധ്യമാക്കുന്നതിന് തൊഴിലുടമകൾക്കൊപ്പം അർപ്പണമനോഭാവത്തോടെ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ അദ്ദേഹം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.