പ്രവാസികൾ ഭാവി സുരക്ഷിതമാക്കാനുള്ള സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്തണം -കെ.വി. ശംസുദ്ദീൻ
text_fieldsമനാമ: പതിറ്റാണ്ടുകൾ പ്രവാസജീവിതം നയിച്ചിട്ടും ജീവിതാവസാനം അശരണരാകുന്നത് ഒഴിവാക്കാൻ പ്രവാസികളുടെ സുഭിക്ഷകാലത്തുതന്നെ തങ്ങളുടെ സമ്പാദ്യങ്ങൾ മാന്യവും സുരക്ഷിതവുമായ രീതിയിൽ നിക്ഷേപം നടത്തണമെന്ന് പ്രവാസി ബന്ധു കെ.വി. ഷംസുദ്ദീൻ പറഞ്ഞു.
പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പരിപാടിയിൽ എക്സ്പാറ്റ്സ് ഫൈനാൻഷ്യൽ സെക്യൂരിറ്റി ആൻഡ് ഇൻവെസ്റ്റ്മെൻറ് ഓപ്പർച്യൂണിറ്റീസ് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റുന്നതിനാണ് കൂടുതൽ ആളുകളും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. തനിക്കും കുടുംബത്തിനും ഒരു നല്ല ജീവിതവും സാമ്പത്തിക ഭദ്രതയും എന്ന സങ്കുചിതത്തിനപ്പുറം പ്രവാസത്തിലേക്ക് വരുന്ന പ്രവാസികൾ അവരുടെ ഭാവിയിലേക്കുവേണ്ടി സമ്പാദിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പത്തോ ഇരുപതോ മുപ്പതോ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവരിൽ കൂടുതൽ പേർക്കും അവരുടെ സാമ്പത്തിക ഭദ്രത ഉയർത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ഉദാഹരണങ്ങൾ സഹിതം പറഞ്ഞു. പ്രവാസം വിട്ട് നാട്ടിലേക്ക് പോകേണ്ട അവസ്ഥ വന്നാൽ നേരത്തെ ജീവിച്ച അതേ സാഹചര്യത്തിൽ ജീവിക്കാൻ കഴിയുമെന്ന ഒരു ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ പ്രവാസികൾക്ക് കഴിയണം.
അല്ലെങ്കിൽ തിരിച്ച് പ്രവാസത്തിലേക്ക് വന്നാൽ മതിയെന്ന് ചിന്തിക്കേണ്ട ഒരു അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഉമ്മുൽ ഹസം കിംസ് ഹെൽത്ത് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന എക്സ്പേർട്ട് ടോക്കിൽ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ സ്വാഗതം ആശംസിച്ചു.
പ്രവാസി ബന്ധു കെ.വി ഷംസുദ്ദീന് ഉപഹാരം നൽകി. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി മുഹമ്മദാലി സി.എം. ആദരിച്ചു. പ്രവാസി വെൽഫെയർ ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂർ, കിംസ് മെഡിക്കൽ സെന്ററിനുള്ള ഉപഹാരം നൽകി, അബ്ദുല്ല കുറ്റ്യാടി, ഇർഷാദ് കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി, അസ്ലം വേളം, മഹമൂദ് മായൻ, ജോഷി, ഫസലുറഹ്മാൻ, മസീറ നജാഹ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.