അർബുദബാധിതർക്ക് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയുടെ കാരുണ്യസ്പർശം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ് കുമാർ തന്റെ 29 സെന്റിമീറ്റർ നീളമുള്ള മുടി ബഹ്റൈനിലെ അർബുദരോഗികൾക്ക് ദാനംചെയ്തു. 11 വയസ്സുകാരിയായ തമന്ന രണ്ടുമൂന്നു വർഷമായി മുടി കാര്യമായി വെട്ടാതിരിക്കുകയായിരുന്നു. മാതാപിതാക്കളോടൊപ്പം അദ്ലിയയിലെ ബഹ്റൈൻ കാൻസർ സൊസൈറ്റിയിലെത്തിയാണ് തമന്ന മുടി ഔദ്യോഗികമായി കൈമാറിയത്. കോട്ടയം സ്വദേശികളായ മനേഷ് കുമാറിന്റെയും തുഷാരയുടെയും മകളാണ് തമന്ന. സഹോദരി തമേഷ യു.കെ.ജി വിദ്യാർഥിനിയാണ്. കുടുംബം ഇപ്പോൾ ജുഫൈറിൽ താമസിക്കുന്നു.
രോഗം നിമിത്തം മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന അർബുദരോഗികൾക്കുവേണ്ടിയാണ് മുടി ദാനംചെയ്യുന്നത്. കീമോതെറപ്പിക്കു വിധേയരായ വ്യക്തികൾക്ക് വിഗ്ഗുകൾ നിർമിക്കാൻ ഈ മുടി ഉപയോഗിക്കും. ചെറുപ്പത്തിൽതന്നെ ഇത്തരം കാരുണ്യപ്രവൃത്തികളെക്കുറിച്ച് മകൾ മനസ്സിലാക്കിയതിൽ അഭിമാനമുണ്ടെന്നു തമന്നയുടെ മാതാപിതാക്കൾ പറഞ്ഞു. സമാനമായ ശ്രേഷ്ഠമായ കർമങ്ങളിൽ പതിവായി ഏർപ്പെടുന്ന മറ്റ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്നു പിതാവ് പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ തമന്നയുടെ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനത്തെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.