നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700 കേസുകൾ
text_fieldsമനാമ: മൂല്യവർധിത നികുതിയുമായി (വാറ്റ്) ബന്ധപ്പെട്ട് കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700ഓളം നിയമലംഘനങ്ങൾ. വാറ്റ് ആൻഡ് എക്സൈസ് നിയമമനുസരിച്ച് നിയമലംഘനങ്ങളിൽ പിഴ ചുമത്തുകയും നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തിൽ നിരവധി സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്താൻ നാഷനൽ റവന്യൂ ബ്യൂറോ വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് 3000ലധികം പരിശോധനകളാണ് കഴിഞ്ഞ വർഷം നടത്തിയത്.
നികുതി വെട്ടിപ്പ് നടത്തിയെന്ന് ബോധ്യമായ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു. വാറ്റ് നിയമലംഘനത്തിന് അഞ്ചുവർഷം തടവും നികുതി വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടി പിഴയുമാണ് ശിക്ഷ നൽകുന്നത്. എക്സൈസ് നിയമലംഘനം നടത്തിയാൽ തീരുവ വെട്ടിച്ച തുകയുടെ ഇരട്ടിയും ഒരുവർഷം തടവുമാണ് ശിക്ഷ.
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനും പ്രാദേശിക വിപണിയിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുമാണ് തുടർച്ചയായി പരിശോധനകൾ നടത്തിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് വിൽപന നടത്തുന്ന സിഗരറ്റ് ഉൽപന്നങ്ങളിൽ ഡിജിറ്റൽ മുദ്ര പതിക്കണമെന്ന നിയമം ഒക്ടോബർ 16ന് നിലവിൽ വന്നിരുന്നു. സിഗരറ്റ് ഉൽപന്നങ്ങൾ വ്യാജമല്ലെന്നും കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്താനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമം കർശനമായി പാലിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതി നൽകുന്നതിനും 80008001 എന്ന എൻ.ബി.ആർ കാൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.