പള്ളിക്കൂടക്കാലത്തിന്റെ മായാജാലക്കാഴ്ചയൊരുക്കി ശിൽപശാലക്ക് സമാപനം
text_fieldsമനാമ: മലയാള ഭാഷയുടെ മധുരവും മഹത്ത്വവും നിറച്ച് ഭാഷാ പ്രവർത്തകർക്ക് ആവേശവും ആത്മവിശ്വാസവും സമ്മാനിച്ച് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ത്രിദിന അധ്യാപക ശിൽപശാല സമാപിച്ചു. കുട്ടികളുടെ സർഗാത്മക പ്രതികരണങ്ങളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച് മുന്നേറാൻ അവരെ പ്രേരിപ്പിക്കുന്നതിനും കാലികമായ അറിവുകൾ ആർജിക്കാനും അത് പകർന്നുകൊടുക്കാനും അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിൽ വിജ്ഞാനപ്രദവും രസകരവും ആസ്വാദ്യകരവുമായിരുന്നു ശിൽപശാല. മലയാളം മിഷന്റെ സർട്ടിഫിക്കറ്റ് കോഴ്സായ കണിക്കൊന്നയിൽ തുടങ്ങി ഡിപ്ലോമ കോഴ്സായ സൂര്യകാന്തിയിലൂടെ ഹയർ ഡിപ്ലോമ കോഴ്സായ ആമ്പലും കടന്ന് സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞിയിൽ എത്തുന്ന തരത്തിൽ ചിട്ടപ്പെടുത്തിയ ശിൽപശാലക്ക് മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖിയും ഭാഷാധ്യാപകൻ സതീഷ് കുമാറും നേതൃത്വം നൽകി.
കവിതകളും വായ്ത്താരികളും നാടൻ പാട്ടുകളും നാടകവും കവിയരങ്ങും വള്ളംകളിയും കഥാപൂരണവും പ്രസംഗവും പുസ്തക പരിചയവും വാർത്താവതരണവുമൊക്കെയായി അധ്യാപകർ കുട്ടിമനസ്സുമായി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പങ്കെടുത്ത ഓരോരുത്തർക്കും അവരുടെ ഗൃഹാതുര ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്കൂകൂടിയായി ശിൽപശാല.
മൂന്നു ദിവസത്തെ ശിൽപശാലയിൽ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകർ തയാറാക്കിയ സർഗസൃഷ്ടികളുടെ പ്രകാശം മലയാളം മിഷന്റെ ഏറ്റവും പ്രായം കുറഞ്ഞ പഠിതാക്കളിൽ രണ്ടുപേരായ അന്റോണിയോയും റിതുലും അവരുടെ രക്ഷിതാക്കളോടൊപ്പം എത്തി പ്രകാശനം ചെയ്തു. മലയാളം മിഷൻ ചാപ്റ്റർ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ്, ജോയന്റ് സെക്രട്ടറി രജിത അനി, കോഓഡിനേറ്റർ നന്ദകുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് മൈക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ജോയന്റ് കൺവീനർ സുനേഷ് സാസ്കോ എന്നിവർ ശിൽപശാലയുടെ സമാപനച്ചടങ്ങിൽ സന്നിഹിതരായിരുന്നു. ബഹ്റൈനിലെ വിവിധ മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽനിന്നുള്ള നൂറോളം അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.