ടെന്റ് സീസൺ: നാളെ മുതൽ ഓൺലൈൻ ബുക്കിങ്
text_fieldsമനാമ: ഈ വർഷത്തെ ടെന്റ് സീസണിന്റെ ഭാഗമായി നവംബർ രണ്ട് മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഇതിനായി പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് രജിസ്ട്രേഷൻ.
ടെന്റ് സീസണുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത കോഓഡിനേഷൻ യോഗത്തിൽ ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു. വിവിധ സർക്കാർ വിഭാഗങ്ങളും മന്ത്രാലയങ്ങളുമായി സഹകരിച്ച് ഇപ്രാവശ്യം ടെന്റ് സീസൺ നടത്തുന്നതിന് അംഗീകാരം നൽകിയ ഭരണാധികാരികൾക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. നവംബർ 10 മുതൽ ഫെബ്രുവരി 29 വരെയായിരിക്കും ഇപ്രാവശ്യത്തെ ടെന്റ് സീസണെന്ന് ഗവർണർ വ്യക്തമാക്കി. പൗരന്മാർക്കും താമസക്കാർക്കും സുരക്ഷിതമായി ക്യാമ്പിങ് നടത്താനുള്ള അന്തരീക്ഷമൊരുക്കും.
സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. പാരിസ്ഥിതികവും സുരക്ഷാസംബന്ധവുമായ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും ടെന്റിങ് അനുവദിക്കുക. മൊബൈൽ ഫോണുകളിൽ അൽ ജനോബിയ ആപ് ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണ്. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കില്ല.
സുരക്ഷിതവും സമാധാനപരമായതുമായ ടെന്റ് സീസൺ ഒരുക്കാൻ വിവിധ വിഭാഗങ്ങളെ യോഗത്തിൽ ചുമതലപ്പെടുത്തി. യോഗത്തിൽ പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഹറം, ഉപ ഗവർണർ കേണൽ ഹമദ് മുഹമ്മദ് അൽ ഖയ്യാത്ത്, റിഫ പൊലീസ് മേധാവി കേണൽ ശൈഖ് സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ എന്നിവരും സന്നിഹിതരായിരുന്നു. സതേൺ ഗവർണറേറ്റ്, ആഭ്യന്തര മന്ത്രാലയം, ബാപ്കോ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഇത്തവണ സീസൺ ഒരുക്കുന്നത് 2019 -2020 കാലയളവിലാണ് അവസാനമായി ക്യാമ്പിങ് നടന്നത്. അന്ന് 2000 പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്.
അവാലി മുതൽ സാഖിർ വരെയാണ് ക്യാമ്പിങ് നടക്കുക. തണുത്ത കാലാവസ്ഥ ആസ്വദിച്ച് ക്യാമ്പിങ് നടത്താൻ ഇത്തവണയും ആയിരങ്ങൾ എത്തുമെന്നാണ് കരുതുന്നത്. നഗരത്തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് മരുഭൂമിയിലെ തണുത്ത അന്തരീക്ഷത്തിൽ വിശ്രമിക്കാനായാണ് ആയിരങ്ങൾ സീസണിൽ എത്തുന്നത്. campers@southern.gov.bh എന്ന ഇ-മെയിലിലും 17750000 എന്ന നമ്പറിലും വിവരങ്ങൾ ലഭ്യമാണ്. അൽ ജനോബിയ ആപ്പിൽ ഇൻസ്റ്റന്റ് ചാറ്റ് വഴിയും വിവരങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.