പിറന്ന മണ്ണിന് നന്ദി; ഗൾഫ് മാധ്യമം രജതജൂബിലിക്ക് ഹൃദയസ്പർശിയായ തുടക്കം
text_fieldsമനാമ: ചരിത്രം കുറിച്ച് പവിഴദ്വീപിന്റെ മണ്ണിൽ പിറന്നുവീണ ആദ്യ ഇന്ത്യൻ ദിനപത്രം ‘ഗൾഫ് മാധ്യമ’ത്തിന്റെ രജതജൂബിലിയാഘോഷങ്ങൾക്ക് ഹൃദയസ്പർശിയായ തുടക്കം. കാൽനൂറ്റാണ്ടുമുമ്പ് ഗൾഫ്മാധ്യമത്തിന്റെ പ്രിന്റിങ് ബഹ്റൈനിലെ അൽ അയാം പ്രസിൽ നിന്നാരംഭിക്കുമ്പോൾ അന്ന് പ്രസിന്റെ ചെയർമാനായിരുന്ന മഹദ് വ്യക്തിത്വം തന്നെ പവിഴദ്വീപിലെ രജത ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമിടുകയെന്ന അപൂർവത ചരിത്ര മുഹൂർത്തത്തെ ധന്യമാക്കുകയാണ്. ഇന്ന് ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവായ നബീൽ ബിൻ യാക്കൂബ് അൽ ഹമറായിരുന്നു അന്ന് അൽ അയാം ചെയർമാൻ.
പത്രം കാൽനൂറ്റാണ്ടിന്റെ വിജയഗാഥ കൊണ്ടാടുമ്പോൾ, രജത ജൂബിലി ലോഗോയുടെ പ്രകാശനം നിർവഹിച്ച് ബഹ്റൈനിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമിട്ടതും അദ്ദേഹം തന്നെ. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർലോഭമായ പിന്തുണയും ദയാവായ്പും ഒന്നുകൊണ്ടു മാത്രമാണ് ഗൾഫ്മാധ്യമം ഇവിടെ സാധ്യമായത്.
പ്രവാസസമൂഹത്തോടുള്ള, ഭരണാധികാരികളുടെ കരുതലും സ്നേഹവും ആ പിന്തുണക്ക് കാരണമായിരുന്നു. പിന്നീടുള്ള വളർച്ചയുടെ കാലഘട്ടത്തിലും ഹമദ് രാജാവിന്റെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടേയും നിർലോഭമായ പിന്തുണ പത്രത്തിനൊപ്പമുണ്ടായിരുന്നു. ആ ദയാവായ്പിന് നന്ദി പറഞ്ഞുകൊണ്ടാണ് രജതജൂബിലി ആഘോഷങ്ങൾക്ക് ഗൾഫ്മാധ്യമം ആരംഭം കുറിച്ചത്.
ഈ സവിശേഷ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഗൾഫ്മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് - ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, റീജനൽ മാനേജർ ജലീൽ അബ്ദുല്ല, മാർക്കറ്റിങ് മാനേജർ സക്കീബ് വലിയപീടികക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
1987ൽ ഇന്ത്യയിൽ പ്രസിദ്ധീകരണമാരംഭിച്ച ദിനപത്രം 1999ലാണ് ഇന്ത്യക്ക് പുറത്തു നിന്ന് ആദ്യ എഡിഷൻ പുറത്തിറക്കിയത്. ബഹ്റൈനിലായിരുന്നു ആ ചരിത്ര സംഭവം. ബഹ്റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വാർത്തകളും നാട്ടിലെ വിശേഷങ്ങളുമറിയാനുള്ള ഏക മാർഗമായിരുന്നു വി.കെ. ഹംസ അബ്ബാസ് ചീഫ് എഡിറ്ററായി പ്രസിദ്ധീകരണമാരംഭിച്ച ഗൾഫ് മാധ്യമം.
തുടർന്ന് ഘട്ടംഘട്ടമായി എല്ലാ ജി.സി.സി രാജ്യങ്ങളിൽനിന്നും ഗൾഫ്മാധ്യമം പ്രസിദ്ധീകരണം തുടങ്ങി. ഇന്ന് എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രമെന്ന നിലയിൽ പ്രവാസി സമൂഹത്തിന്റെ ജിഹ്വയായി പത്രം മാറിയിരിക്കുന്നു. പ്രവാസി സമൂഹത്തിന് അറിവുപകർന്നുകൊണ്ട്, അവരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും കൂടെനിന്നുകൊണ്ടുള്ള പ്രവർത്തനം.
കാൽനൂറ്റാണ്ടു കാലത്തെ അഭിമാനകരമായ പ്രവർത്തന കാലയളവിൽ രാജ്യത്തിന്റെ വികസന നയങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനും ഗൾഫ്മാധ്യമത്തിനായി. രാജ്യത്തിന്റെ വളർച്ചയിൽ കണ്ണിചേർന്ന പ്രവാസി സമൂഹത്തിന്റെ വളർച്ചയിലും പത്രം കൂടെനിന്നു. സമാധാനപരമായ സഹവർത്തിത്വത്തിന്റേതും സഹിഷ്ണുതയുടേയും മഹത്തായ പാത പിന്തുടരുന്ന ഭരണാധികാരികളുടെ മാർഗനിർദേശങ്ങളനുസരിച്ച് രാജ്യത്തിന്റെ വികസനപാതയിൽ, സന്ദേശവാഹകരായി ഗൾഫ് മാധ്യമവും നിലകൊള്ളുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ നവമാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ശക്തമായ സാന്നിധ്യമായി ഗൾഫ്മാധ്യമം വളർന്നിരിക്കുന്നു.
ഗൾഫ് മാധ്യമം ആ യാത്ര തുടരുകയാണ്, രാജ്യ വികസനത്തോടൊപ്പം, പ്രവാസികളോടൊപ്പം എന്നും നിലകൊള്ളുമെന്ന പ്രതിജ്ഞയുമായി.
ഗൾഫ് മാധ്യമത്തിന്റെ വളർച്ച അഭിമാനകരം -നബീൽ ബിൻ യാക്കൂബ് അൽ ഹമർ
25 വർഷം മുമ്പ് ബഹ്റൈനിന്റെ മണ്ണിൽ ആരംഭിച്ച ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം വളരെ വിജയകരമായി മുന്നോട്ടു പോകുകയും ജി.സി.സി രാജ്യങ്ങളിലാകമാനം വ്യാപിക്കുകയും ചെയ്തത് അഭിമാനകരമാണെന്ന് ഹമദ് രാജാവിന്റെ മാധ്യമ ഉപദേഷ്ടാവ് നബീൽ ബിൻ യാക്കൂബ് അൽ ഹമർ. ബഹ്റൈനിലെ ഗൾഫ് മാധ്യമം രജത ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനം നിർവഹിക്കവേയാണ് അദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
‘‘കാൽ നൂറ്റാണ്ടുമുമ്പ് ഗൾഫ് മാധ്യമം അൽഅയാം പ്രസിൽ പ്രിന്റിങ് ആരംഭിക്കുന്നതിന് ഞാൻ സാക്ഷിയാണ്. ആ പത്രം വിജയകരമായി മുന്നേറുകയും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് വളരുകയും ചെയ്തു. ബഹ്റൈനിലെയും ഇതര ജി.സി.സി രാജ്യങ്ങളിലേയും ജനങ്ങളും ഇന്ത്യൻ പ്രവാസികളും തമ്മിലുള്ള ബന്ധം സുദൃഢമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ഗൾഫ് മാധ്യമം നിർണായക പങ്കുവഹിച്ചു. തുടർന്നുള്ള വളർച്ചയിൽ ഗൾഫ് മാധ്യമത്തിന് എല്ലാ ആശംസകളും നേരുന്നു.’’- അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.