ആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ
text_fieldsമനാമ: മാധ്യമം പത്രം പൂട്ടിക്കാൻ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വിയും ജനറൽ സെക്രട്ടറി എം. അബ്ബാസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസികളോടൊപ്പം ഏറ്റവും കൂടുതൽ ചേർന്നുനിന്ന പത്രമാണ് മാധ്യമം. പ്രതിസന്ധിയുടെ ആഘട്ടത്തിൽ സ്വന്തം നാട്ടിലേക്ക് പോവാൻ അതിയായി ആഗ്രഹിച്ച ഒരു സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനുഭാവപൂർവമുള്ള നിലപാടുകൾ സ്വീകരിക്കാൻ വേണ്ടിയാണ് മാധ്യമം മുഴുപേജ് സ്റ്റോറി ചെയ്തത്.
അധികാരികളുടെ നടപടികൾ എളുപ്പമുള്ളതും വേഗതയിലുള്ളതുമാക്കാൻ അത് മുഖേന സാധിച്ചിട്ടുണ്ട്.
അധികാരം ദുർവിനിയോഗം ചെയ്ത് ദുരുദ്ദേശ്യത്തോടെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തേക്ക് കത്തെഴുതിയത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഒരിക്കലും പൊറുക്കാൻ കഴിയില്ല. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.
അധികാര ദുർവിനിയോഗത്തിന്റെ അധമ ഉദാഹരണമാണിതെന്നും എം.എൽ.എ സ്ഥാനത്തിന് അദ്ദേഹം അർഹനാണോ എന്നുകൂടി പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
കത്ത് പ്രവാസികളോടുള്ള വെല്ലുവിളി
മാധ്യമം പത്രം പൂട്ടിക്കാൻ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വെല്ലുവിളിയും ധിക്കാരവുമാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും നിസ്തുലമായ പങ്കുവഹിക്കുന്നവരാണ് ഓരോ പ്രവാസിയും.
അവരുടേതായ മേഖലയിൽ ഓരോരുത്തരും ഈ ദൗത്യം വ്യത്യസ്ത അളവിൽ നിർവഹിച്ചുകൊണ്ടിരിക്കുന്നു.
കോവിഡ് മഹാമാരിയുടെ തീക്ഷണമായ നാളുകളിൽ ഏറ്റവും പ്രയാസം അനുഭവിച്ച ഒരുവിഭാഗമായിരുന്നു ലോകത്തെമ്പാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും. സ്വന്തം നാട്ടിലെത്താനും കുടുംബത്തിനോടൊപ്പം ചേരാനും സ്വാഭാവികമായും അവർ ആ സമയം ആഗ്രഹിച്ചു.
എന്നാൽ, പലരീതിയിലുള്ള കാരണങ്ങൾ പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവരുടെ യാത്ര നീട്ടുകയായിരുന്നു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയപ്പോൾ നമ്മൾ ഇവിടെ നിസ്സഹായരായി നെടുവീർപ്പിടുകയായിരുന്നു.
ഈ പ്രത്യേക സാഹചര്യത്തിലാണ് മരിച്ചവരുടെ പടങ്ങൾ ചേർത്ത് മാധ്യമം ഒന്നാം പേജിൽ വാർത്ത പ്രസിദ്ധീകരിച്ചത്. ഇതിനോട് എല്ലാ ഭാഗത്തുനിന്നും വളരെ നല്ല പ്രതികരണമാണുണ്ടായത്. പിന്നീട് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കണ്ണ് തുറപ്പിക്കാനും അത് കാരണമായി.
പകയുടെ രാഷ്ട്രീയവുമായി നടക്കുന്ന ജലീൽ പകപോക്കൽ രാഷ്ട്രീയത്തിനുവേണ്ടി മാധ്യമം വാർത്ത ഉപയോഗിക്കുകയായിരുന്നു. ഇതിലൂടെ അദ്ദേഹത്തിന് തെന്റ എം. എൽ.എ സ്ഥാനത്ത് ഇരിക്കാനുള്ള അർഹതപോലും നഷ്ടമായിരിക്കുകയാണ്.
-ജമാൽ ഇരിങ്ങൽ
ജലീലിന്റേത് മനുഷ്യത്വമില്ലാത്ത നടപടി
കോവിഡ് മഹാമാരിസമയത്ത് പ്രവാസലോകത്തിന്റെ താങ്ങും തണലുമായിനിന്ന പത്രമാണ് ഗൾഫ് മാധ്യമം.
കോവിഡ് സമയത്ത് മാധ്യമം ചെയ്ത സേവനങ്ങൾ ഓരോ പ്രവാസിയുടേയും നെഞ്ചിനകത്തുണ്ടാവുമെന്ന് ബഹ്റൈനിൽ മാധ്യമം ദിനപത്രം തുടങ്ങിയ കാലം മുതൽ ഇന്നുവരെ വായിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും പറയാൻ കഴിയും. ജോലി നഷ്ടപ്പെട്ടവരെ നാട്ടിലെത്തിക്കാനും സൗജന്യ വിമാന ടിക്കറ്റ് നൽകാനും മരുന്നുകൾ എത്തിക്കാനും ഭക്ഷണം നൽകാനും ഒപ്പംനിന്ന ഒരു സ്ഥാപനത്തിനുനേരെ ഇത്തരം നടപടിക്ക് തെന്റ ഔദ്യോഗിക പദവി ഉപയോഗിച്ച ജലീൽ പൊതുപ്രവർത്തനം നിർത്തേണ്ടതാണ്. പലകാര്യങ്ങളിലും നയപരമായി വിയോജിപ്പുണ്ടെങ്കിലും ഇത്രയേറെ പ്രവാസികൾക്ക് സഹായകരമായി പ്രവർത്തിക്കുന്ന സ്ഥാപനം വേറെയില്ലെന്നുതന്നെ പറയാം.
-അനിൽ മടപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.