ആ ചിന്താ പ്രകാശവും അണഞ്ഞു
text_fieldsജമാൽ ഇരിങ്ങൽ
ഇസ്ലാമിക ചിന്താലോകത്തെ മഹാ പണ്ഡിത ശ്രേഷ്ഠനായിരുന്ന ടി.കെ. അബ്ദുല്ല സാഹിബിെൻറ വിയോഗത്തോടെ മുസ്ലിം സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഏതു ഗഹന വിഷയവും അനിതര സാധാരണമായ വാക്ചാതുരിയിലൂടെ ശ്രോതാക്കളുടെ മുന്നിൽ വളരെ ലളിതമായി അവതരിപ്പിക്കുമായിരുന്നു അദ്ദേഹം.
അറബിക്കിലും മലയാളത്തിലും ഉർദുവിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തിെൻറ പ്രസംഗങ്ങളിൽ ധാരാളമായി അല്ലാമാ ഇഖ്ബാൽ കടന്നുവരാറുണ്ടായിരുന്നു. ഇഖ്ബാലിെൻറ 'ഇഷ്ക്'നെ കുറിച്ച സങ്കൽപത്തെ തെൻറ പ്രസംഗത്തിൽ പലപ്പോഴായി അവതരിപ്പിക്കുകയും സഹപ്രവർത്തകരോടുള്ള സ്നേഹപ്രകടനത്തിൽ പ്രയോഗവത്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇഖ്ബാലിനെ ദാർശനികമായി കേരളത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു.
ടി.കെ തെൻറ ഒരു പ്രസംഗത്തിൽ ട്രംപിെൻറ പരാജയത്തെ സരസമായി പ്രവചിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോകത്ത് നടക്കുന്ന ഏതു വിഷയങ്ങളെയും അപ്ഡേറ്റ് ചെയ്യാനും അതിനെ ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ വിശകലനം ചെയ്യാനുമുള്ള അദ്ദേഹത്തിെൻറ കഴിവ് അപാരമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താനെഴുതിയ പുസ്തകം പ്രസിദ്ധീകരണത്തിനായി അദ്ദേഹം നൽകിയത്. പ്രസ്ഥാനത്തിെൻറ വിദ്യാർഥി-യുവജന സംവിധാനങ്ങളോടും പ്രവർത്തകരോടും എപ്പോഴും വലിയ സ്നേഹവും അടുപ്പവുമായിരുന്നു അദ്ദേഹത്തിന്.
സംഘടനാ പക്ഷഭേദങ്ങളില്ലാതെ സമൂഹത്തിെൻറ നാനാതുറകളിലുള്ളവരുമായി ശക്തമായ വ്യക്തിബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സാമുദായികതക്കും ഫാഷിസത്തിനും വർഗീയതക്കുമെതിരെ ശക്തമായി നിലകൊണ്ട നേതാവുമായിരുന്നു അദ്ദേഹം. ഇസ്ലാമിക ശരീഅത്ത് വിവാദക്കാലത്ത് വിവിധ ഭൗതിക പ്രത്യയശാസ്ത്രങ്ങളെ ആശയപരമായി നേരിടാനും അദ്ദേഹം മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു.
ശാന്തപുരത്തെ ദഅവാ കോളജിലായിരിക്കെ അദ്ദേഹത്തിെൻറ ക്ലാസുകളിൽ പങ്കെടുക്കാനുണ്ടായ അവസരം ഒരു സൗഭാഗ്യമായി ഇന്നും മനസ്സിൽ പച്ച പിടിച്ചു നിൽക്കുന്നു. എപ്പോഴും ചോദ്യങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്ന നല്ലൊരു അധ്യാപകനും കൂടിയായിരുന്നു അദ്ദേഹം. പ്രഭാഷകൻ, എഴുത്തുകാരൻ, ചിന്തകൻ, സംഘാടകൻ, നേതാവ്, വിദ്യാഭ്യാസ വിചക്ഷണൻ തുടങ്ങിയ എണ്ണമറ്റ വിശേഷണങ്ങൾക്കർഹനെന്ന പോലെ സ്നേഹനിധിയായ കുടുംബനാഥനും കൂടിയായിരുന്നു അദ്ദേഹം.
വിവിധ ആവശ്യങ്ങൾക്കായി ബഹ്റൈനിൽ അദ്ദേഹം പല തവണ സന്ദർശനം നടത്തിയിട്ടുണ്ട്. നാട്ടിൽ എപ്പോഴും തിരക്കുകൾക്കിടയിലായിരിക്കുന്ന നേതാക്കളെ പ്രവാസലോകത്തുനിന്നാണ് പലർക്കും അടുത്തിടപഴകാൻ ലഭിക്കാറുള്ളത്. ഒരാവശ്യവുമായി ബന്ധപ്പെട്ട് കോവിഡ് കാലം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് അദ്ദേഹവുമായി ടെലിഫോണിലൂടെ ദീർഘനേരം സംസാരിച്ചിരുന്നു.
അടുത്ത തവണ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണമെന്ന് പ്രത്യേകം ക്ഷണിക്കുകയും ചെയ്തിട്ടായിരുന്നു ഫോൺ വെച്ചത്. പക്ഷേ, രണ്ടു മാസം മുമ്പ് അവധിക്ക് നാട്ടിൽ പോയെങ്കിലും പല കാരണത്താൽ നേരിട്ട് കാണാൻ സാധിച്ചില്ല എന്നത് ഇന്നും മനസ്സിൽ വേദനയായി അവശേഷിക്കുന്നു. അദ്ദേഹം കത്തിച്ചു വെച്ച ദീപം സമൂഹത്തിന് എന്നും പ്രകാശം പരത്തട്ടെ എന്നാണ് പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.