നാടകത്തിരക്കിനിടെ വെള്ളിത്തിരയെ മറന്ന അഭിനയപ്രതിഭ
text_fieldsമനാമ: നാടകത്തിലഭിനയിച്ച് പരിചയിച്ചാൽ സിനിമയിൽ ചാൻസ് കിട്ടാനുള്ള സാധ്യതയുണ്ടോ എന്നാണ് പുതിയ തലമുറ നോക്കുന്നത്. എന്നാൽ നാടകത്തിരക്കിൽ സിനിമയിൽ ലഭിച്ച റോളുകളെല്ലാം പുല്ലുപോലെ വലിച്ചെറിഞ്ഞ ഒരു നടനിവിടെയുണ്ട്, ബഹ്റൈനിൽ. ഒരുകാലത്ത് പ്രഫഷനൽ നാടകവേദിയുടെ രോമാഞ്ചമായിരുന്ന ചേർത്തല രാജു എന്ന കെ.ടി. രാജുവാണ് ആ നടൻ. അദ്ദേഹമിന്ന് ബഹ്റൈനിൽ ഗുദൈബിയയിൽ ഹൂട്ടേഴ്സ് റസ്റ്റാറന്റ് നടത്തുകയാണ്.
ചേർത്തലയിൽ നാട്ടുകാരനായ രാജൻ പി. ദേവിനൊപ്പം ക്ലബുകളുടെ നാടകങ്ങളിലഭിനയിച്ചായിരുന്നു തുടക്കം. പിന്നീട് രാജൻ പി. ദേവിനൊപ്പം ചേർത്തലയിലെ ആദ്യ പ്രഫഷനൽ നാടക സമിതിക്ക് രൂപംനൽകി. മലയാള നാടകശാല എന്ന പേരിൽ തുടങ്ങിയ സമിതിയുടെ ആദ്യ നാടകം ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ വിപ്ലവ നായിക കെ. ആർ. ഗൗരിയമ്മയായിരുന്നു. ഇതിനിടെയാണ് എസ്.എൽ. പുരം സദാനന്ദൻ കാട്ടുകുതിര നാടകം അരങ്ങിലെത്തിക്കാൻ തീരുമാനിച്ചത്.
ചേർത്തല രാജുവാണ് രാജൻ പി. ദേവിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. രാജു ഇതിനിടെ എൻ.എൻ പിള്ളയുടെ ട്രൂപ്പിലെത്തിയിരുന്നു. ബൂമറാങ്, ക്രോസ് ബെൽറ്റ് തുടങ്ങിയ ഹിറ്റ് നാടകങ്ങളിൽ വേഷമിട്ടു. ക്രോസ് ബെൽറ്റിലെ അഭിനയത്തിന് പുരസ്കാരങ്ങൾ തേടിയെത്തി. ക്രോസ് ബെൽറ്റ് സിനിമയായപ്പോൾ രാജു അഭിനയിച്ച വേഷം ചെയ്തത് മഹാനടൻ സത്യനായിരുന്നു. ചേർത്തല ജൂബിലി, വൈക്കം മാളവിക, ചാലക്കുടി സാരഥി, കൊല്ലം അനശ്വര, കൊല്ലം അരീന തുടങ്ങി കേരളത്തിലെ പ്രമുഖ ട്രൂപ്പുകളോടൊപ്പമെല്ലാം അഭിനയിച്ചു. കെ.പി.എ.സിയിലേക്ക് തോപ്പിൽ ഭാസി വിളിച്ചെങ്കിലും മറ്റ് നാടകങ്ങളുടെ തിരക്ക് മൂലം പോകാൻ പറ്റിയില്ല. പിന്നീട് ഇൻ ഹരിഹർ നഗർ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ക്ഷണം വന്നു. പക്ഷെ അന്ന് നാടകങ്ങളുടെ തിരക്കായതിനാൽ രാജു ക്ഷണം നിരസിക്കുകയായിരുന്നു. അന്ന് രാജു അഭിനയിക്കേണ്ട റോളിലെത്തിയത് പുതുമുഖമായിരുന്ന സിദ്ദീഖായിരുന്നു. നടൻ ജയൻ അടുത്ത സുഹൃത്തായിരുന്നു. കഥാകൃത്തായിരുന്ന ലോഹിതദാസിനെ സിനിമയിലെത്തിച്ചതും രാജുവായിരുന്നു. കൊച്ചുപ്രേമൻ, റിസബാവ, കുമരകം രഘുനാഘ് തുങ്ങിയവരെല്ലാം ഒന്നിച്ചഭിനയിച്ചിരുന്നവരാണ്.
കെ.ജി. ജോർജിന്റെ ഈ കണ്ണി കൂടി, ചന്ദ്രശേഖരൻ സംവിധാനം ചെയ്ത അരങ്ങ്, പപ്പയുടെ സ്വന്തം അപ്പൂസ് എന്നീ സിനിമകളിൽ മാത്രം അഭിനയിച്ചു. ഐ.വി. ശശിയും വേണു നാഗവള്ളിയും കെ. മധുവുമൊക്കെ നിരവധി സിനിമകളിലേക്ക് ക്ഷണിച്ചെങ്കിലും പോകാൻ പറ്റിയില്ല. കാലം മാറുകയും നാടക സമിതികൾ ഇല്ലാതാകുകയും ചെയ്തതോടെയാണ് പ്രവാസിയായത്.
തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലാണ് വീട് വെച്ചത്. ഭാര്യ: ഇന്ദു. മകൾ നിഷ ഡോക്ടറാണ്. മകൻ നന്ദു ബഹ്റൈനിൽ ബ്യൂട്ടി പാർലർ നടത്തുകയാണ്. ബഹ്റൈനിൽ നാടകപ്രവർത്തനങ്ങൾ സജീവമാണെങ്കിലും അഭിനയിക്കാൻ ജോലിത്തിരക്കിനിടെ സാധിച്ചിട്ടില്ല. പക്ഷെ അരങ്ങിനോടുള്ള അടങ്ങാത്ത സ്നേഹം മൂലം നാടകങ്ങൾ കാണാൻ പോകാറുണ്ടെന്ന് ചേർത്തല രാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.