വിടപറഞ്ഞവർക്ക് അശ്രുപുഷ്പങ്ങൾ അർപ്പിച്ച് അൽഹിലാൽ കുടുംബം
text_fieldsമനാമ: തങ്ങളുടെ മനസ്സിൽ മായാത്ത ദുഃഖം അവശേഷിപ്പിച്ച് അകാലത്തിൽ വിടപറഞ്ഞ അഞ്ച് സുഹൃത്തുക്കളുടെ സ്മരണക്ക് മുന്നിൽ അശ്രുപുഷ്പങ്ങൾ അർപ്പിച്ച് അൽഹിലാൽ ആശുപത്രി ജീവനക്കാർ.
അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മുഹറഖ് ആശുപത്രി അങ്കണത്തിലാണ് പ്രിയ സഹപ്രവർത്തകരുടെ മായാത്ത സ്മരണകളുമായി സംഗമം നടന്നത്.
സെപ്റ്റംബർ ഒന്നിന് ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ മഹേഷ് വി.പി, ഗൈതർ ജോർജ്, ജഗത് വാസുദേവൻ, അഖിൽ രഘു, സുമൻ മോക്കിനാപ്പള്ളി എന്നീ അഞ്ച് ജീവനക്കാരാണ് വാഹനാപകടത്തിൽ മരിച്ചത്. ആശുപത്രി ജീവനക്കാരും മാനേജ്മെന്റും സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളുമടക്കം നൂറുകണക്കിനു പേരാണ് സംഗമത്തിൽ എത്തിയത്. വിടപറഞ്ഞവരുടെ നഷ്ടം ഒരിക്കലും നികത്താനാവില്ലെന്ന് അൽ ഹിലാൽ ഗ്രൂപ് ഭാരവാഹികൾ പറഞ്ഞു.
ദുഃഖസൂചകമായി വെള്ള വസ്ത്രം ധരിച്ചെത്തിയ അൽ ഹിലാൽ കുടുംബാംഗങ്ങൾ പലരും സഹപ്രവർത്തകരുടെ സ്മരണയിൽ വിങ്ങിപ്പൊട്ടി. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ്, അഗാധമായ അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ് ഉപ്പള, വി.ടി. വിനോദ് എന്നിവരും അനുശോചനം അറിയിക്കുകയും മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തൊഴിൽ നൽകാൻ ശ്രമിക്കുമെന്ന് ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.
അപകടം 800 ജീവനക്കാരുടെ ജീവിതത്തെ മാറ്റിമറിച്ചെന്ന് ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ധീൻ പറഞ്ഞു. നട്ടപ്പാട്ട് (ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, തായ് എംബസി, നട്ടപ്പാട്ട്), ഫ്രാൻസിസ് കൈതാരത്ത് (ചെയർമാൻ, ബി.എം.സി), ചെമ്പൻ ജലാൽ(പ്രസിഡന്റ്, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ), ബഷീർ അമ്പലായി (ബി.കെ.എസ്.എഫ്), അമർനാഥ് റായ് (പ്രസിഡന്റ്, കർണാടക സംഘ് ബഹ്റൈൻ), മീരാ രവി (എഡിറ്റർ, സലാം ബഹ്റൈൻ ), ശാരദ അജിത്ത് (പ്രസിഡന്റ്, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ), വിജയ് ( തെലങ്കാന ജാഗൃതി അസോസിയേഷൻ, ആസിഫ് മുഹമ്മദ് (അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ്) എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.