ആശുപത്രി വിടുന്ന രോഗികളുടെ പുഞ്ചിരിയാണ് ഏറ്റവും വലിയ പ്രതിഫലം
text_fieldsമനാമ: കോവിഡ് കാലത്ത്, മരണം പതിയിരുന്ന ഇന്റൻസിവ് കെയർ യൂനിറ്റിൽ രാവും പകലുമില്ലാതെ രോഗികളെ ശുശ്രൂഷിച്ച ദിനങ്ങൾ ഓർത്തെടുക്കുകയാണ് സൽമാനിയ ആശുപത്രിയിലെ നഴ്സ് രജനി മനോഹരൻ. ഫ്ലോറൻസ് നൈറ്റിങ്ഗേലിന്റെ ത്യാഗോജ്ജ്വല സേവനത്തിന്റെ സ്മരണയിൽ ലോകമെമ്പാടും നഴ്സസ് ദിനമാചരിക്കുമ്പോൾ തന്റെ കുടുംബത്തിലെ മൂന്നു തലമുറയും നഴ്സിങ് മേഖലയിലാണ് എന്നതിൽ ഏറെ അഭിമാനമുണ്ടെന്നും രജനി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കുവൈത്തിൽ നഴ്സായി ജോലി നോക്കിയിരുന്ന അമ്മയുടെ മാതൃക പിന്തുടർന്നാണ് രജനി നഴ്സിങ് പ്രഫഷൻ തിരഞ്ഞെടുത്തത്. സൽമാനിയ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിച്ചിട്ട് 23 വർഷം തികയുമ്പോൾ മകളും നഴ്സിങ് തന്നെ തിരഞ്ഞെടുത്തതിൽ സന്തോഷം മാത്രമേയുള്ളൂ. 23 വർഷമായി ഐ.സി.യുവിലാണ് എന്നതിനാൽ രോഗത്തിന്റെയും അപകടത്തിന്റെയും മരണത്തിന്റെയും ഭീകര ദൃശ്യങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് നേരിട്ടനുഭവിച്ച നിസ്സഹായരായ മനുഷ്യരുടെ പിടച്ചിലുകൾ മറക്കാനാവുന്നതല്ല. നടന്ന് ആശുപത്രിയിലേക്ക് വരുന്നവർ കോവിഡിന്റെ രൂക്ഷത മൂലം മരണത്തെ പുൽകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കേണ്ടിവന്നു. അങ്ങനെയൊരു ദിവസമാണ് ഒരു ചെറുപ്പക്കാരനെ ഗുരുതരമായ അവസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ആവശ്യമായ ശുശ്രൂഷകൾ നൽകിയതിനുശേഷമാണ് അയാൾ പരിചിതനാണല്ലോ എന്ന് തോന്നിയത്. സ്വന്തം നാട്ടുകാരനായ അയാളെ ബഹ്റൈനിൽ വെച്ചും പലതവണ കണ്ടിട്ടുണ്ടായിരുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചതിനാൽ വെന്റിലേറ്ററിൽനിന്ന് മാറ്റാൻ ഡോക്ടർമാർ സമ്മതിച്ചിരുന്നില്ല. തന്റെ നിർബന്ധം കൊണ്ട് ഡോക്ടർമാർ ആ സാഹസത്തിന് തുനിയുകയായിരുന്നു. ഭാഗ്യവശാൽ അയാളുടെ നില മെച്ചപ്പെട്ടു. പേക്ഷ രോഗതീവ്രത മാനസികനിലയെ തന്നെ ബാധിച്ചിരുന്നു. ആശുപത്രി സ്റ്റാഫിനെ കാണുമ്പോൾ പ്രകോപിതനായിത്തുടങ്ങി. പേക്ഷ, തന്നെ കാണുന്നത് അദ്ദേഹത്തിന് ആശ്വാസമായിരുന്നെന്ന് രജനി പറഞ്ഞു. മാനസികമായ പിന്തുണ ഇത്തരം രോഗാവസ്ഥയിൽ ആവശ്യമാണെന്നതിനാൽ അത് നൽകാൻ ഡോക്ടർമാരും നഴ്സുമാരും ശ്രമിച്ചു. മികച്ച പരിചരണം നൽകിയതിനാൽ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു. പിന്നീട് കുടുംബത്തോടൊപ്പം ആശുപത്രിയിൽ അദ്ദേഹം എത്തിയത് മറക്കാനാകാത്ത അനുഭവമായിരുന്നു. എല്ലാ സ്റ്റാഫിനും നന്ദി പറഞ്ഞാണ് അവർ പോയത്. കോവിഡ് കാലത്ത് നിരവധി മരണങ്ങളാണ് കൺമുന്നിൽ കണ്ടത്. മാറ്റാൻ സ്ഥലമില്ലാത്തതിനാൽ പലപ്പോഴും മൃതദേഹങ്ങളോടൊപ്പം കഴിയേണ്ടിവന്നിട്ടുണ്ട്. അത്തരം ചകിതമായ അനുഭവങ്ങളുണ്ടെങ്കിലും, നമ്മളുടെ പരിചരണം മൂലം രക്ഷപ്പെട്ട രോഗികൾ പിന്നീട് തേടിവരുന്ന അനുഭവമാണ് ഈ പ്രഫഷൻ നൽകുന്ന സംതൃപ്തിയെന്നും രജനി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.