കുതിച്ചുയർന്ന് ടൂറിസം മേഖല
text_fieldsഈ വർഷം ആദ്യ പാദത്തിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 984 ശതമാനം വർധന
മനാമ: കോവിഡ് -19 പ്രതിസന്ധി തീർത്ത മാന്ദ്യത്തിൽനിന്ന് രാജ്യത്തെ വിനോദ സഞ്ചാരമേഖല കരകയറുന്നു. നിയന്ത്രണങ്ങൾ ഇല്ലാതായതോടെ ബഹ്റൈനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 984 ശതമാനം വർധനയുണ്ടായി.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 17 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയതെന്ന് കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കേവലം1.52 ലക്ഷം സന്ദർശകരെത്തിയ സ്ഥാനത്താണ് ഈ വളർച്ച.
വിനോദ സഞ്ചാരത്തിൽനിന്നുള്ള വരുമാനത്തിലും വൻ കുതിച്ചുകയറ്റമാണുണ്ടായത്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഈ വർഷം ആദ്യപാദത്തിൽ ടൂറിസം വരുമാനത്തിൽ 875 ശതമാനം വളർച്ചയുണ്ടായി. കഴിഞ്ഞ വർഷത്തെ മൂന്ന് കോടി ദീനാറിൽനിന്ന് ടൂറിസം വരുമാനം 29.2 കോടി ദീനാറായാണ് വർധിച്ചത്.
കിങ് ഫഹദ് കോസ്വേ വഴിയാണ് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ രാജ്യത്തെത്തിയത്. ഈ വർഷം ആദ്യ പാദത്തിൽ 14.83 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ കോസ്വേയിലൂടെ ബഹ്റൈനിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണം 84,000 ആയിരുന്നു. കോസ്വേ വഴിയുള്ള സഞ്ചാരികളുടെ എണ്ണത്തിൽ 1666 ശതമാനം വർധനവാണുണ്ടായത്.
ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് വഴി എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 147 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ വർഷം ആദ്യപാദത്തിൽ 67,000 വിനോദ സഞ്ചാരികൾ എത്തിയ സ്ഥാനത്ത് ഈ വർഷം 1,66,000 വിനോദസഞ്ചാരികളാണെത്തിയത്.
ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ, റസ്റ്റാറന്റുകൾ, ടൂർ കമ്പനികൾ തുടങ്ങിയ ലൈസൻസുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ എണ്ണം 721ൽ നിന്ന് 922 ആയി ഉയർന്നു. വിനോദ സഞ്ചാരികൾ ബഹ്റൈനിൽ തങ്ങുന്ന ശരാശരി രാത്രികളുടെ എണ്ണം 3.41 ലക്ഷത്തിൽ നിന്ന് 29 ലക്ഷത്തിലധികമായും വർധിച്ചു.
സാമ്പത്തിക പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി നടത്തുന്ന സംരംഭങ്ങളുടെ വിജയമാണ് ടൂറിസം മേഖലയിലെ വളർച്ച സൂചിപ്പിക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സി.ഇ.ഒ ഡോ. നാസർ ഖാഇദി പറഞ്ഞു.
ഫോർമുല വൺ കാറോട്ട മത്സരം, രണ്ടാഴ്ചയ്ക്കിടെ 1,75,000 സന്ദർശകരെ ആകർഷിച്ച ബഹ്റൈൻ ഫുഡ് ഫെസ്റ്റിവൽ, 180 സ്റ്റോറുകളിലൂടെ 11 ലക്ഷം ദീനാറിന്റെ വിൽപന നടന്ന മനാമ ഗോൾഡ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ ബഹ്റൈനിൽ നടന്ന പ്രധാന വിനോദസഞ്ചാര, വിനോദ പരിപാടികളും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ബഹ്റൈനിലേക്കുള്ള വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാൻ നിരവധി പരിപാടികളാണ് അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. അടുത്തിടെ ഇസ്രായേൽ, ഈജിപ്ത്, തുർക്കിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ ടൂർ ഓപറേറ്റർമാരുമായി 75 കരാറുകളിൽ ഒപ്പുവെച്ചിരുന്നു. വിനോദ സഞ്ചാരികൾക്ക് മാർഗനിർദേശം നൽകാൻ വിമാനത്താവളത്തിൽ അതോറിറ്റിയുടെ ഓഫിസ് പ്രവർത്തനമാരംഭിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.