സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി ;മൂന്ന് മണിക്കൂർ ഫ്ലക്സി സമയമാക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsമനാമ: സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ ഫ്ലക്സി സമയം മൂന്നു മണിക്കൂറായി ദീർഘിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവിലിത് രണ്ടു മണിക്കൂറാണ്. താമസിച്ചു ജോലിക്ക് വരുന്നതിനനുസൃതമായി താമസിച്ച് ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനുള്ള സൗകര്യമാണ് ഇതു നൽകുന്നത്. രാവിലെ ഏഴു മുതൽ 10 മണി വരെ ഇതനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും. രാവിലെ വൈകുന്നതിനനുസൃതമായി ജോലി കഴിഞ്ഞു പോകുന്ന സമയത്തിലും മാറ്റമുണ്ടാകും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ബ്രിട്ടൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനുമിടയാക്കുമെന്ന് കാബിനറ്റ് വിലയിരുത്തി.
ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാനാണ് ഹമദ് രാജാവ് ബ്രിട്ടനിലെത്തിയത്. ചാൾസ് രാജാവിന്റെ ക്ഷണപ്രകാരമെത്തിയ ഹമദ് രാജാവിന് നൽകിയ രാജകീയ സ്വീകരണത്തിന്, കാബിനറ്റ് ബ്രിട്ടന് പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ലോക പത്ര സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും വികസനത്തിലും പുരോഗതിയിലും മീഡിയകൾ വഹിച്ചുകൊണ്ടിരിക്കുന്ന പങ്കിനെകുറിച്ചും പ്രതിപാദിച്ച് ഹമദ് രാജാവ് ഇറക്കിയ പ്രത്യേക പ്രസ്താവനയെ കാബിനറ്റ് സ്വാഗതം ചെയ്തു. മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിലും മാധ്യമ നിഷ്പക്ഷത ഉറപ്പാക്കുന്നതിലും ബഹ്റൈൻ നിലപാട് സുചിന്തിതമാണ്.
വ്യക്തികളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്താൻ രാജ്യം ഒരുക്കമല്ലെന്ന നിലപാടാണ് ഹമദ് രാജാവ് തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. വർഗം, വർണം, മതം, ലിംഗം, ദേശ, ഭാഷാ വ്യത്യാസങ്ങളില്ലാതെ മനുഷ്യനെ ആദരിക്കാനാണ് ബഹ്റൈൻ സംസ്കാരം പഠിപ്പിക്കുന്നത്. ഇത് നിലനിർത്താൻ മാധ്യമങ്ങളുടെ സഹായം ആവശ്യമാണെന്നും കാബിനറ്റ് വിലയിരുത്തി. മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും കാബിനറ്റ് ആശംസ രേഖപ്പെടുത്തി.
ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നഴ്സുമാർ രാജ്യത്തിന് അഭിമാനമാണെന്ന് അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് കാബിനറ്റ് വ്യക്തമാക്കി. സുഡാനിലെ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് അമേരിക്കയും സൗദിയും തമ്മിൽ നടത്തിയ പ്രാഥമിക സംഭാഷണങ്ങൾ വിജയത്തിലെത്തുമെന്ന് കാബിനറ്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിയുടെ മധ്യസ്ഥതയിൽ സുഡാനിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. യു.എൻ, അറബ് ലീഗ് എന്നിവയും സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിന് സൗദിയുമായി സഹകരിക്കുന്നുണ്ട്. അറബ് ലീഗ് സമ്മേളനത്തിൽ സിറിയയെ വീണ്ടും പങ്കെടുപ്പിക്കാൻ തീരുമാനിച്ചത് കാബിനറ്റ് സ്വാഗതം ചെയ്തു. പൊതു പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രി അവതരിപ്പിച്ച നിർദേശം കാബിനറ്റ് അംഗീകരിച്ചു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ഹെൽത്ത് സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിതല സമിതി റിപ്പോർട്ട് അവതരിപ്പിച്ചു. വിദേശകാര്യ മന്ത്രിയുടെ ബ്രിട്ടൻ സന്ദർശനം, സിറിയൻ പ്രതിസന്ധി ചർച്ചചെയ്യാനായി അറബ് ലീഗിന്റെ രണ്ട് പ്രത്യേക യോഗങ്ങളിലെ പങ്കാളിത്തം, വിദേശകാര്യ മന്ത്രിയുടെ യുക്രെയ്ൻ സന്ദർശനം, അന്താരാഷ്ട്ര നാണയ നിധിയുടെയും വേൾഡ് ബാങ്കിന്റെയും യോഗത്തിൽ ധനകാര്യ മന്ത്രിയുടെ പങ്കാളിത്തം തുടങ്ങിയവയെ സംബന്ധിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.