പാർപ്പിട സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മുന്തിയ പരിഗണനയെന്ന് മന്ത്രിസഭ
text_fieldsമനാമ: ജനങ്ങളുടെ പാർപ്പിടാവശ്യങ്ങൾക്ക് മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പാർപ്പിടത്തിനായി അപേക്ഷ നൽകിയവർക്ക് ഉചിതമായ ലോൺ സൗകര്യങ്ങളടക്കം ബദൽ മാർഗങ്ങളാണ് തുറന്നിടാൻ തീരുമാനിച്ചിട്ടുള്ളത്.
ഏറെ നാളായി പാർപ്പിട യൂണിറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ വിഷയത്തിൽ പരിഹാര മാർഗങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. പാർപ്പിടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ബജറ്റിൽ കൂടുതൽ തുക വകയിരുത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് പാർപ്പിട മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.
ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിന് യത്നിച്ച മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും കാബിനറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം, ജഅ്ഫരീ ഔഖാഫ്, വിവിധ പണ്ഡിതർ, നേതാക്കൾ, മഅ്തം ഭാരവാഹികൾ തുടങ്ങിയവയുടെ സഹകരണം ആശൂറ ദിനാചരണ പരിപാടികൾ ഭംഗിയായി നടത്തുന്നതിന് സഹായകമായതായും മന്ത്രിസഭ വിലയിരുത്തി. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് കാബിനറ്റ് പിന്തുണ അറിയിച്ചു.
ബഹ്റൈൻ ജനസംഖ്യ 15,77,059 എത്തിയതായി കാബിനറ്റ് വിലയിരുത്തി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ വേതനത്തിൽ 6.3 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മന്ത്രിസഭ വിലയിരുത്തി.
2023 രണ്ടാം പാദത്തോടു കൂടി 14,163 സ്വദേശികൾക്ക് തൊഴിൽ നൽകിയതായും 7237 പേർക്ക് തൊഴിൽ പരിശീലനം നൽകിയതായും തൊഴിൽ മന്ത്രി അറിയിച്ചു. ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.